കോന്നി: ഗ്രാമ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരണം തടസപ്പെടുത്താൻ ഇടതുപക്ഷം ശ്രമിച്ചത് ഒൻപതാം വാർഡിലെ തവളപ്പാറയിൽ മിനി മാസ് ലൈറ്റ് അനുവദിച്ചതിന്റെ പക പോക്കലെന്നു യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ആരോപിച്ചു. ഇടതുപക്ഷ അംഗത്തിന്റെ വാർഡിലെ തവളപ്പാറയിൽ കാട്ടാനയുടെയും പന്നിയുടെയും ശല്യം രൂക്ഷമായപ്പോൾ,അവിടെ പ്രവർത്തിക്കുന്ന ലൈബ്രറി ഭാരവാഹികൾ പഞ്ചായത്തിനു നൽകിയ നിവേദനത്തെ തുടർന്ന് പഞ്ചായത്തിന്റെ പൊതു പദ്ധതിയിൽ ഉൾപ്പെടുത്തി മിനി മാസ് ലൈറ്റ് അനുവദിച്ചിരുന്നു. പഞ്ചായത്തിന്റെ മിക്ക കവലകളിലും ഇതിന് പ്രകാരം മിനി മാസ്സ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. യു.ഡി.എഫ്. ഭരണത്തിലുള്ള കോന്നി, തണ്ണിത്തോട് പഞ്ചായത്തുക്കളുടെ പ്രവർത്തനം അസ്ഥിരപ്പെടുത്തുവൻ സി.പി.എം തന്ത്രമാണെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് സുലേഖ വി.നായരും, വൈസ് പ്രസിഡന്റ് റോജി ഏബ്രഹാമും പാർലമെന്ററി കാര്യ സെക്രട്ടറി പി.വി ജോസഫും ആരോപിച്ചു.