കോന്നി: പഞ്ചായത്തിന്റെ 2022- 2023 സാമ്പത്തീക വർഷത്തിൽ 29,45,13, 145 രൂപ വരവും, 28, 61, 79,000 ചെലവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ്‌ അവതരിപ്പിച്ചു. പ്രസിഡന്റ് സുലേഖ വി.നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് റോജി ഏബ്രഹാമാണ് ബഡ്‌ജറ്റ്‌ അവതരിപ്പിച്ചത്. പഞ്ചായത്തിലെ ഗ്രാമീണ റോഡുകളും നടപ്പാതകളും സഞ്ചാരയോഗ്യമാക്കുന്നതിന് 1 കോടി 72 ലക്ഷം രൂപ വകയിരുത്തി. സംസ്ഥാന സർക്കാരിന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പൊതു ശ്മശാനത്തിനു പഞ്ചായത്തിന്റെ വിഹിതമായി 50ലക്ഷം രൂപയും അട്ടച്ചാക്കൽ ഗവ.എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ഒന്നര കോടി രൂപയും, അതുമ്പുംകുളം കേന്ദ്രീകരിച്ചു മൃഗാശുപത്രിയുടെ സബ് സെന്റർ അനുവദിക്കുന്നതോനായി 5ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കോന്നി കൃഷിഭവന്റെ കെട്ടിടം പണി പൂർത്തിയാക്കുന്നതിന് 15ലക്ഷം രൂപയും. പഞ്ചായത്തിലെ നടപ്പാതകളുടെയും,തോടുകളുടെയും, കലുങ്കുകളുടെയും സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നതിന് 82ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിക്കുന്നതിന് 25ലക്ഷം രൂപയും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും, ത്രിതല പഞ്ചായത്തുകളുടെയും, ജലജീവൻ മിഷന്റെയും സഹകരണത്തോടെ ചെറുകിട കുടിവെള്ള പദ്ധതികൾക്കായി 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനായി ഓർഗാനിക് വെസ്റ്റ് മാനേജ്‌മെന്റ് യുണിറ്റ് നടപ്പിൽ വരുത്തുന്നതിന് 31ലക്ഷം രൂപയും, ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ശബരിമല ഇടത്താവളത്തിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 50 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തി.