കോന്നി: ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്നതിൽ പ്രസിഡന്റ് സുലേഖ വി.നായർ ഏകപക്ഷീയമായ തീരുമാനം കൈകൊള്ളുന്നുവെന്ന് ആരോപിച്ചു എൽ.ഡി.എഫ് അംഗങ്ങൾ ബഡ്‌ജറ്റ്‌ അവതരണം തടസപ്പെടുത്താൻ ശ്രമിച്ചു. ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനു മുൻപ് എൽ.ഡി.എഫിലെ കെ.ജി.ഉദയകുമാർ വിഷയം ഉന്നയിച്ചതോടെ ഒച്ചപ്പാടായി. വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം പ്രതിപക്ഷ ബഹളം വകവയ്ക്കാതെ ബഡ്ജറ്റ് അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ബഡ്‌ജറ്റ്‌ അവതരണം തടസപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടയിൽ ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമായി. തുടർന്ന് ബഡ്ജറ്റവതരണം ബഹിഷ്കരിച്ചു പ്രതിപക്ഷ മെമ്പർമാരായ കെ.ജി.ഉദയകുമാർ, ജോയിസ് ഏബ്രഹാം, തുളസി മോഹൻ, ജിഷ, പുഷ്പ ഉത്തമൻ എന്നിവർ ഹാളിനു മുൻപിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഇടതുമുന്നിണി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ഉപരോധ സമരവും, ടൗണിൽ പ്രകടനവും നടത്തി. എൽ.ഡി.എഫ് നേതാക്കളായ എം.എസ്.ഗോപിനാഥൻ നായർ, കെ.കെ.വിജയൻ, സുധാകുമാർ, ആർ. ഗോവിന്ദ്, രാജേഷ്‌കുമാർ, എം.ഒ.ഏബ്രഹാം എന്നിവർ നേതൃത്വം നൽകി. തുടർന്ന് എൽ.ഡി.എഫ് മെമ്പർമാരെയും, ഇടതുമുന്നണി പ്രവർത്തകരെയും പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.