പന്തളം: കുളനട പഞ്ചായത്തിൽ 26,45,07,359 രൂപ വരവും 25,70,90,500 രൂപ ചെലവും 74,16,859 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് എല്ലാ മേഖലകൾക്കും പ്രാധാന്യം നല്കുന്നുണ്ടെങ്കിലും ഭവന നിർമ്മാണം, കുടിവെള്ളം, ശുചിത്വം, കാർഷികം, ആരോഗ്യം എന്നീ മേഖലകൾക്കു പ്രത്യേക പ്രാധാന്യം നല്കിയിട്ടുണ്ട്. ഭവന നിർമ്മാണത്തിനു രണ്ടു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കുടിവെള്ളം 79 ലക്ഷം, ശുചിത്വം 70 ലക്ഷം, നെൽക്കൃഷിക്ക് 25 ലക്ഷം ഉൾപ്പെടെ കാർഷിക മേഖലയിൽ 62,50,000 രൂപ, ക്ഷീര മേഖലയിൽ 50 ലക്ഷം, ആരോഗ്യം 46 ലക്ഷം. ശബരിമല തീർത്ഥാടകർക്ക് പാർക്കിംഗും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനു സ്ഥലം വാങ്ങാനും തുക വകയിരുത്തിയിട്ടുണ്ട്.പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലും മിച്ച ബഡ്ജറ്റ് ഉണ്ടാകാൻ സാധിക്കണമെന്നും, ശുദ്ധമായ വായും, ജലം, നല്ല ഭക്ഷണം, ആരോഗ്യം എന്നീ ലക്ഷ്യങ്ങൾ നേടാൻ ബഡ്ജറ്റ് ഉപകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ബഡ്ജറ്റ് അവതരിപ്പിച്ച് വൈസ് പ്രസിഡന്റ് പി.ആർ.മോഹൻദാസ് പറഞ്ഞു. പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.