27-saji-cherian
കൊഴുവല്ലൂർ സി.എസ്.ഐ. ജങ്ഷനിൽ കെ-​റെയിലുമായി ബന്ധപ്പെട്ടു സി.പി.എം. ചെങ്ങന്നൂർ ഏരിയ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കെ ​ റെയിൽ ഭൂമി ഏറ്റെടുക്കുമ്പോൾ മാർക്കറ്റ് വിലയുടെ നാലിരട്ടി കിട്ടുമെന്നും അങ്ങനെ നോക്കുമ്പോൾ തന്റെ വസ്തുവിനും വീടിനും നാലഞ്ചു കോടി വിലവരുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സി.പി.എം. ചെങ്ങന്നൂർ ഏരിയ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനിച്ചത് സാമ്പത്തിക അടിത്തറയുള്ള കുടുംബത്തിലാണ്. 52 സെന്റും അതിലൊരു വീടുമാണുള്ളത്. 18 ലക്ഷം രൂപ വായ്പയെടുത്താണ് വീട് വച്ചത്. സഹോദരങ്ങളുടെ കൂടി സഹായത്തിലാണ് വായ്പ തിരിച്ചടച്ചത്.
കാലശേഷം സ്വത്തുക്കൾ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്കു കൈമാറുമെന്നത് ഹൃദയത്തിൽ നിന്നുള്ള തീരുമാനമായിരുന്നു. ചിലർ തന്റെ മക്കളെ പോലും വെറുതെവിടുന്നില്ല, മെറിറ്റിലാണ് അവർ അഡ്മിഷൻ നേടിയത്. കുടുംബത്തിലെ ആർക്കും സ്വാധീനം ഉപയോഗിച്ചു ജോലി വാങ്ങിക്കൊടുത്തിട്ടില്ല. എന്നാൽ ജനങ്ങൾക്ക് വേണ്ടി പല സഹായങ്ങളും ചെയ്തിട്ടുണ്ട്. സാമൂഹിക ആഘാതം പഠനം നടത്തി മാത്രമേ കെ​റെയിലിനായി ഭൂമി ഏറ്റെടുക്കൂവെന്നും മന്ത്രി പറഞ്ഞു.

കെ​ റെയിൽ സമരത്തിന് പിന്നിൽ തീവ്രവാദ മനോഭാവമുള്ള സംഘടനകളുണ്ട്. അത് യു.ഡി.എഫോ, ബി.ജെ.പി.യോ അല്ല. ഇടതുപക്ഷ വിരുദ്ധർ വിമോചന സമരകാലത്തെപ്പോലെ ഒന്നിക്കുകയാണ്. കൊഴുവല്ലൂർ ക്ഷേത്രഭൂമി കെ​റെയിലിനായി ഏറ്റെടുക്കുമെന്ന വ്യാജപ്രചരണമുണ്ടാക്കി ആയുധങ്ങൾ കരുതി പ്രശ്‌​നമുണ്ടാക്കാൻ ചിലർ ശ്രമിച്ചു. മുളക്കുഴയിലെ നടന്ന കെ​റെയിൽ സമരത്തിനു പിന്നിൽ പണമിറക്കാൻ ആളുകളുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.