28-swami-guruprasad
സ്വാമി ഗുരുപ്രസാദിന് നൽകിയ സ്വീകരണത്തിൽ നിന്ന്

പന്തളം : ഗുരുധർമ പ്രചരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദിന് ഷാർജയിൽ യു.എ.ഇ ഗുരുധർമപ്രചരണസഭ പ്രവർത്തകർ സ്വീകരണം നൽകി. സഭയുടെ യു.എ.ഇ പി.ആർ.ഒ ഉൻമേഷ് പൊന്നാട അണിയിച്ചു. മാതൃസഭ സെക്രട്ടറി സ്വപ്ന ഷാജി പൂച്ചെണ്ട് നൽകി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹിം, സഭാട്രഷറർ വിശ്വംഭരൻ, മാതൃസഭയുടെയും യുവജനസഭയുടെയും ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഷാർജയിൽ സംഘടിപ്പിച്ച സൽസംഘത്തിൽ സ്വാമി പ്രഭാഷണം നടത്തി. സഭ രൂപീകരിച്ച് ദേശംതോറും ആശ്രമം സ്ഥാപിച്ചും ധർമ പ്രചരണം നടത്തണമെന്ന ഗുരു കൽപന ശിരസാവഹിച്ചുകൊണ്ട് ശിവഗിരി മഠം രൂപം കൊടുത്തതാണ് ഗുരുധർമ പ്രചരണ സഭ. ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ പ്രചരണ സഭയിൽ അംഗമാകുന്നതും പ്രവർത്തിക്കുന്നതും പുണ്യമാണെന്ന് സ്വാമി പറഞ്ഞു. ധർമ പ്രചാരണത്തിനായി 48 ഓളം രാജ്യങ്ങളിൽ സ്വാമി സന്ദർശനം നടത്തിയിട്ടുണ്ട്. അജ്മാനിൽ ഗുരുഭക്തർ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം ചൊവ്വാഴ്ച സ്വാമി തിരികെ നാട്ടിലെത്തും.