 
അടൂർ : സഹപാഠിയുടെ ആകസ്മിക വിയോഗത്തോടെ അനാഥമായ കുടുംബത്തിന് ചൊരിഞ്ഞ കാരുണ്യ സ്പർശത്തിന് ഇന്നലെ പെരിങ്ങനാട് ഗ്രാമം സാക്ഷ്യം വഹിച്ചു. തൃച്ചേന്ദമംഗലം ഗവ.ഹൈസ്‌കൂളിലെ 1989 - 90 വർഷം പത്താം ക്ലാസ് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ സൗഹൃദക്കൂട്ടായ്മയാണ് നന്മയുടെ തീരങ്ങളിലേക്കു ഒരുകുടുംബത്തെ കൈപിടിച്ച് കരകയറ്റിയത്. സഹപാഠിയും കളിക്കൂട്ടുകാരനുമായ തെക്കുംമുറി, പെരിങ്ങാനാട്, കിണറുവിളയിൽ വീട്ടിൽ ബാബുവിന്റെ ആകസ്മികമരണം അദ്ദേഹത്തിന്റെ സ്വപ്നഭവനത്തിന്റെ നിർമ്മാണം പകുതി വഴിയിൽ നിറുത്തേണ്ടിവന്നപ്പോഴാണ് നന്മയും സ്‌നേഹവും സഹപാഠികളുടെ രൂപത്തിൽ തുണയായെത്തിയത്. നാട്ടിലും വിദേശത്തുമുള്ള കൂട്ടുകാരുടെ ചെറുതും വലുതുമായ സംഭാവനകൾ ചേർത്തു. കൂട്ടുകാരന്റെ സ്വപ്നത്തിനു ചിറകുകൾ കൊടുക്കാൻ അവർ തീരുമാനിച്ചു. ബാബുവിന്റെ മരണത്തോടെ വീടുപണിയും പാതിവഴിയിൽ മുടങ്ങി. വാസയോഗ്യമായ വീടില്ലാത്ത ഇൗ കുടുംബത്തിന്റെ ദുഃഖം കണ്ടറിഞ്ഞ പഴയകാല സഹപാഠികൾ ചേർന്ന് രൂപം നൽകിയ സൗഹൃദകൂട്ടയ്മ അഞ്ചു ലക്ഷം രൂപ മുടക്കി വീടിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഇന്നലെ പാലുകച്ചൽ ചടങ്ങും നടത്തി.ബാബുവിന്റെ ഭാര്യയ്ക്കും കുട്ടികൾക്കും സ്വപ്നഭവനത്തിന്റെ താക്കോൽ കൈമാറിയപ്പോൾ ഗ്രാമവാസികൾക്കും അത് വേറിട്ട അനുഭവമായി.
പൂമരത്തണൽ
പൂമരത്തണൽ എന്ന ഗ്രൂപ്പിന്റെ നാമകരണവും ഈ ചടങ്ങിൽ നടന്നു. തങ്ങളെ സ്‌കൂളിൽ പഠിപ്പിച്ച അദ്ധ്യാപകരെ ആദരിച്ച ചടങ്ങിൽ ആ ഗുരുക്കന്മാരുടെ സാന്നിദ്ധ്യത്തിലാണ് സുഹൃത്തുക്കളും സഹപാഠികളുമായവർ തന്നെ താക്കോൽ കൈമാറിയത്. ചടങ്ങിന് സോമി ബിജു അദ്ധ്യക്ഷത വഹിച്ചു. അജികുമാർ ഗോപാലക്കുറുപ്പ്, ഉദയകുമാർ, അനിൽ രാഘവൻ, ശ്രീലത ബാബു, ബിനീഷ് തുടങ്ങിയവർ സംസാരിച്ചു. ബാബുവിന്റെ സഹപാഠിയായ ചെങ്ങറ ആഞ്ജനേയസ്വാമിക്ഷേത്രം മാനേജിംഗ് ട്രസ്റ്റിയും, തന്ത്റിയുമായ മനോജ് ശർമ്മയുടെ നേതൃത്വത്തിൽ നടന്ന പൂജകൾക്ക് ശേഷം നടന്ന ചടങ്ങിൽ ബാബുവിന്റെ ഒട്ടുമിക്ക സഹപാഠികളും പങ്കെടുത്തു. സഹപാഠികളായ അനിൽ രാഘവൻ, സജു കെ.എസ്.തുടങ്ങിയവർ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.