പത്തനംതിട്ട : എസ്.എൻ.ഡി.പിയോഗം 86 -ാം ടൗൺശാഖയുടെ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ ശ്രീനാരായണ ദർശന സത്‌സംഗം പഠനക്ലാസ് ആരംഭിച്ചു. പത്തനംതിട്ട എസ്.എൻ.ഡി.പിയൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവ മാർഗത്തിൽ ജീവിക്കുന്നതിലും ഗുരുദേവ ദർശനങ്ങൾ സമൂഹ നന്മയ്ക്ക് പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം സംസാരിച്ചു. ശാഖാ പ്രസിഡന്റ് സി.ബി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, ഗുരുദേവ ദർശന പഠന ക്ലാസുകളുടെ പ്രാധാന്യം വിവരിച്ചു. തൃക്കൊടിത്താനം ശ്രീശാരദാ തന്ത്ര വിദ്യാ പീഠം ആചാര്യൻ ആദരണീയ ജിനിൽ കുമാർ തന്ത്രികൾ ശ്രീനാരായണ സത്‌സംഗം നയിച്ചു. തുടർന്നുള്ള എല്ലാ മാസങ്ങളിലും ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ സത്‌സംഗം നടത്തും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.കെ ശ്രീകുമാർ , ശാഖാ സെക്രട്ടറി സി.കെ സോമരാജൻ, യൂണിയൻ കൗൺസിലർ ജി. സോമനാഥ് എന്നിവർ സംസാരിച്ചു.