28-k-rail-chennithala

ചെങ്ങന്നൂർ : കേരള ജനതയുടെ ജീവിതസാഹചര്യങ്ങൾക്ക് ഒരിക്കലും ഇണങ്ങാത്ത പദ്ധതി ബലമായി നടപ്പാക്കാൻ ശ്രമിക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിൽവർ ലൈൻ കടന്നുപോകുന്ന ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി​ ബാധി​തരുടെ വീടുകളും സെന്റ് ജോർജ് സ്‌കൂൾ, പള്ളി, കൊഴുവല്ലൂർ ക്ഷേത്രം എന്നിവയും അദ്ദേഹം സന്ദർശിച്ചു. സെന്റ് ജോർജ് പള്ളി വികാരി ഫാ. ഒ.എം.ശമുവേൽ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വിക്രമൻ നായർ എന്നിവരോട് വിവരങ്ങൾ സംസാരിച്ചു. കൊഴുവല്ലൂർ സ്വദേശിനിയായ തങ്കമ്മയുടെ കുടിലിനു മുന്നിൽ സ്ഥാപിച്ച അടയാള കല്ല് രമേശ് ചെന്നിത്തലയുടെ സാന്നിദ്ധ്യത്തിൽ നേതാക്കളും പ്രവർത്തകരും ഇളക്കിമാറ്റി. കൊഴുവല്ലൂർ പൂതംകുന്ന് കോളനിയും അദ്ദേഹം സന്ദർശിച്ചു.
ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെ.പി.സി.സി സെക്രട്ടറി സുനിൽ പി ഉമ്മൻ, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, ജനറൽ സെക്രട്ടറി പി.വി.ജോൺ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോർജ് തോമസ്, നഗരസഭാ അദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ്, ഗോപു പുത്തൻ മഠത്തിൽ ജൂണി കുതിരവട്ടം, ഡി.നാഗേഷ് കുമാർ, ജോജി ചെറിയാൻ, സുജ ജോൺ എന്നി​വരും ചെന്നി​ത്തലയ്ക്കൊപ്പമുണ്ടായി​രുന്നു.