ഓമല്ലൂർ : 36 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ശ്രീ ശിവപ്രഭാകരസിദ്ധ പരമഹംസരുടെ പുലിപ്പാറമല സമാധി മണ്ഡപം ഭക്തജനങ്ങൾക്കായി തുറന്നു നൽകി. 400 വർഷത്തോളം ജീവിച്ചിരുന്നു എന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്ന സ്വാമി 1986 ഏപ്രിൽ 6 നാണ് സമാധിയാകുന്നത്. ഓമല്ലൂർ പൈവള്ളി വാർഡിൽ പുലിപാറമലയിൽ ഭക്തജനങ്ങൾ പണിതു നൽകിയ വീട്ടിലായിരുന്നു സമാധി. അവിടെ തന്നെ സമാധി ഇരുത്തണമെന്ന് ഭക്തജനങ്ങൾ ആവശ്യപ്പെട്ടെങ്കിലും സ്വകാര്യ വ്യക്തിയുടെ ഭൂമി ആയിരുന്നതിനാൽ ചില തർക്കങ്ങൾ ഉടലെടുക്കുകയും തൊട്ടടുത്ത് 30 സെന്റോളം വരുന്ന റവന്യൂ പുറമ്പോക്കിൽ സമാധി ഇരുത്തുകയുമായിരുന്നു.
റവന്യൂ പുറമ്പോക്കിൽ സമാധി ഇരുത്തിയെങ്കിലും ഭൂമിയെ സംബന്ധിച്ച് ഒരു വ്യക്തി അവകാശവാദം ഉന്നയിച്ചതിനാലാണ് കേസ് നിലവിൽ വന്നത്. സ്വാമിയുമായി അടുത്തു പരിചയമുണ്ടായിരുന്ന അന്നത്തെ ഗവർണർ ജ്യോതി വെങ്കിടാചലത്തിന്റെ നിർദ്ദേശപ്രകാരം പേഴ്‌സണൽ സ്റ്റാഫ് സ്റ്റീഫൻസ് ഇവിടെ എത്തി നാട്ടുകാരുടെ സഹകരണത്തോടെ 'ബ്രഹ്മശ്രീ ശിവപ്രഭാകര സിദ്ധ പരമഹംസധർമ്മ അസോസിയേഷൻ' എന്ന ട്രസ്റ്റ് രജിസ്റ്റർ ചെയ്യുകയും അവരുടെ നേതൃത്വത്തിൽ സമാധി മണ്ഡപത്തിനായി എതിർവാദം ഉന്നയിക്കുകയും ചെയ്തതോടെ കേസ് ഹൈക്കോടതിയിൽ എത്തി.
ട്രസ്റ്റിന് അനുകൂലമായി 2008 ൽ കേസ് വിധിയായെങ്കിലും എതിർകക്ഷികളുടെ എതിർപ്പുമൂലം ഭക്തജനങ്ങൾക്കും ട്രസ്റ്റ് ഭാരവാഹികൾക്കും ഇവിടെ ദർശനം നടത്താൻ കഴിഞ്ഞിരുന്നില്ല. റഷ്യ ഉൾപ്പെടെ യുള്ള വിദേശരാജ്യങ്ങളിൽ നിന്ന് നിരവധി ഭക്തരും ശിഷ്യന്മാരും ഇവിടെ എത്തിയിരുന്നെങ്കിലും സമാധി മണ്ഡപത്തിലേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ അവകാശവാദം ഉന്നയിച്ച് കേസ് നടത്തിയിരുന്ന വാർഡ് മെമ്പർ സുരേഷ് ഓലിതുണ്ടിലിന്റെ സാന്നിദ്ധ്യത്തിൽ അത് പിൻവലിച്ച് നിരുപാധികം പ്രവേശനാനുമതി നൽകുകയും താക്കോൽ ട്രസ്റ്റിനെ ഏൽപ്പിച്ച് ഭരണാനുമതി നൽകുകയുമായിരുന്നു. കേസ് പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും സമാധിമണ്ഡപത്തിലെ പൂജാധി കർമ്മങ്ങൾ പുനരാരംഭിക്കുമെന്നും ഈ മാസം 30, 31 തീയതികളിൽ വിപുലമായ ഉത്സവം നടത്തുമെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.