
രണ്ട് വർഷത്തെ അടച്ചിടൽ അവസാനിച്ച് ജീവിതം സാധാരണ നിലയിലെത്തിയപ്പോൾ കലയുടെ വസന്തവും തിരികെ വരികയാണ്. കലാപ്രതിഭകൾക്കും അവരെ അണിയിച്ചൊരുക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റുകൾക്കും ആശ്വാസത്തിന്റെ കാലമാണ് വരുന്നത്. കൊവിഡ് ലോക് ഡൗൺ അവസാനിച്ച ശേഷം കലാവേദികൾ സജീവമായിട്ടുണ്ട്. ഉത്സവങ്ങൾ പഴയതു പോലെയായപ്പോൾ സ്റ്റേജ് ആർട്ടിസ്റ്റുകളും അരങ്ങിലെത്തി.
സ്കൂളുകളും കോളേജുകളും പൂർണതോതിൽ തുറന്നതോടെ യുവജനോത്സവങ്ങളും തിരിച്ചെത്തി. സംസ്ഥാനത്ത് ആദ്യം നടക്കാൻ പോകുന്ന വലിയ കലാമേള എം.ജി സർവകലാശാല യുവജനോത്സവമാണ്. പത്തനംതിട്ടയിൽ ഏപ്രിൽ ഒന്നു മുതൽ അഞ്ച് വരെയാണ് കലോത്സവം. മുന്നൂറിൽപ്പരം കോളേജുകളിൽ നിന്നായി പതിനായിരത്തോളം യുവ പ്രതിഭകൾ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. പത്തനംതിട്ട നഗരത്തിൽ പ്രത്യേകം തയ്യാറാക്കുന്ന ഏഴ് വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ജില്ലാ സ്റ്റേഡിയമാണ് പ്രധാന വേദി. ഇവിടെ രണ്ടായിരം പേർക്ക് ഇരിക്കാൻ കഴിയുന്ന പന്തലാണ് ക്രമീകരിച്ചിരിക്കുന്നത്. റോയൽ ഓഡിറ്റോറിയമാണ് രണ്ടാമത്തെ വേദി. ആയിരം പേർക്ക് ഇരിക്കാവുന്ന സജ്ജീകരണമാണ് ഇവിടെയുള്ളത്. കാതോലിക്കേറ്റ് കോളേജ് ഓഡിറ്റോറിയം, കോളേജ് വോളിബോൾ കോർട്ട്, സെമിനാർ ഹാളുകൾ എന്നിവയാണ് മറ്റു വേദികൾ. 61 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ആൺ - പെൺ വിഭാഗത്തിൽ മത്സരമുള്ള ഇനങ്ങൾക്ക് എല്ലാം ട്രാൻസ്‌ജെൻഡർ വിഭാഗത്തിലും മത്സരിക്കാൻ അവസരം നൽകുന്നു എന്ന പ്രത്യേകതയും ഈ കലോത്സവത്തിനുണ്ട്. ഏപ്രിൽ ഒന്നിന് വൈകിട്ട് മൂന്നിന് പുതിയ ബസ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ കൂടി കലോത്സവത്തിന് തുടക്കം കുറിക്കും. കോളേജ് വിദ്യാർത്ഥികൾ കേരളീയ വേഷത്തിൽ ഘോഷയാത്രയിൽ അണിനിരക്കും. കൂടാതെ മലബാറിൽ നിന്നുള്ള കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. മലബാർ തെയ്യം, തൃശൂർ പുലികളി, കൂട്ടക്കാവടി, മയൂര നൃത്തം,അർജ്ജുന നൃത്തം, പടയണി, കോലങ്ങൾ, പമ്പമേളം, പഞ്ചവാദ്യം, ബാൻഡ് സെറ്റുകൾ, റോളർ സ്‌കേറ്റിംഗ്, ജില്ലയിലെ എൻ. സി.സി കേഡറ്റുകളുടെ മാർച്ച് പാസ്റ്റ്, നിശ്ചലദൃശ്യങ്ങൾ എന്നിവ ഘോഷയാത്രയിൽ അണിനിരക്കും. കലോത്സവത്തിന്റെ വരവറിയിച്ച് ജില്ലാ ആസ്ഥാനത്ത് വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലും സമാപന സമ്മേളനത്തിലും ചലച്ചിത്രതാരം നവ്യ നായർ, സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്യ, ചലച്ചിത്രതാരം ആന്റണി വർഗീസ് പെപ്പേ, സൂപ്പർ ശരണ്യ സിനിമ ഫെയിം അനശ്വര രാജൻ, ഐ.എം. വിജയൻ, സംവിധായകൻ എബ്രിഡ് ഷൈൻ ചലച്ചിത്രനടൻ കൈലാഷ് എന്നിവരുൾപ്പെടുന്ന വൻ താരനിര പങ്കെടുക്കും. രാപ്പാകലുകളായിട്ടാണ് കലാമേള അരങ്ങേറുക. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള 300 കോളേജുകളിലെ പ്രതിഭകളാണ് കലോത്സവത്തിനായി എത്തുക. കൊവിഡ് കാലത്ത് മൺമറഞ്ഞുപോയ മഹദ് വ്യക്തികളുടെ പേരുകളിലാണ് വേദികൾ അറിയപ്പെടുന്നത്.
രണ്ട് വർഷങ്ങൾക്ക് ശേഷമുള്ള കലയുടെ മടങ്ങിവരവിനെ ജനങ്ങൾ ആവേശത്തോടെ വരവേൽക്കുമെന്നാണ് പ്രതീക്ഷ. കലയുടെ നാളുകൾ ഒരുമയുടെയും സന്തോഷത്തിന്റെയും നാളുകളാണ്.
സർവകലാശാല കലോത്സവങ്ങൾ നടത്താൻ തീരുമാനിച്ചത് ഒരുമാസം മുൻപാണ്. കോളേജുകൾ പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങിയത് ഫെബ്രുവരിയിലാണ്. ആവശ്യമായ തയ്യാറെടുപ്പുകളും പരിശീലനങ്ങളും നടത്താൻ വിദ്യാർത്ഥികൾക്ക് സമയം ലഭിച്ചിട്ടില്ല. കോളേജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയത് ഒരാഴ്ച മുൻപാണ്. ആർട്സ് ഫെസ്റ്റിവൽ പൂർത്തിയാക്കാത കോളേജുകളുണ്ട്. എങ്കിലും പരമാവധി ഇനങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനാണ് കോളേജുകളുടെ തീരുമാനം. ചുരുങ്ങിയ സമയമാണെങ്കിലും കലോത്സവങ്ങൾ നടത്തി അദ്ധ്യയനവർഷം പൂർത്തിയാക്കുക എന്നതാണ് സർവകലാശാലയുടെ ലക്ഷ്യം.
കലാപ്രതിഭകൾ അരങ്ങിലെത്തുമ്പോൾ അണിയറയിൽ പ്രവർത്തിക്കുന്ന ഒട്ടേറെപ്പേരുടെ കുടുംബങ്ങളിലും പ്രകാശം വീഴുകയാണ്. കൊവിഡ് പ്രതിസന്ധിയിൽ നിരവധി കലാകാരന്മാരുടെ ജീവിതം വഴിമുട്ടിയിരുന്നു. കുടുംബം പുലർത്താൻ കഴിയാതെ ഇരുട്ടിലായ ചിലർ ആരുടെയൊക്കെയോ കൈത്താങ്ങ് കൊണ്ട് മുന്നോട്ടുപോയി. ചിലർ കൂലിവേല ചെയ്ത് അതിജീവിച്ചു. ഉത്സവങ്ങളും കലോത്സവങ്ങളും വീണ്ടും അരങ്ങിലേക്ക് എത്തുമ്പോൾ ഇവരുടെ ഹൃദയങ്ങളിലും സന്തോഷത്തിന്റെ വർണങ്ങൾ നിറയും.
കലോത്സവത്തിന് നിറപ്പകിട്ട് ഏറിയപ്പോഴെല്ലാം മത്സരാർത്ഥികൾ കൂടിയിട്ടുണ്ട്. ഇതോടൊപ്പം പരാതികളും കേസുകളും കൂടിക്കൂടി വന്നു. കോടതിയിൽ തീർപ്പായ കലോത്സവ കേസുകളുമുണ്ട്. മത്സരങ്ങളിൽ മുന്നിലെത്താൻ വളഞ്ഞ വഴികൾ സ്വീകരിക്കുന്നതായി ആക്ഷേപങ്ങളുയർന്നിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിലാണ് ഇത്തരം മോശമായ പ്രവണതകൾ അരങ്ങേറിയിരുന്നത്. കലോത്സവചട്ടം പരിഷ്കരിച്ചതോടെ അതിന് ഒരു പരിധിവരെ അറുതിയായി. സർവകലാശാല കലോത്സവങ്ങളിലും മത്സരങ്ങൾ തർക്കത്തിലേക്ക് നീണ്ടിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളോളം പകിട്ട് സർവകലാശാല കലോത്സവങ്ങൾക്കും ഏറി വരികയാണ്. കലോത്സവങ്ങൾ നാടിന്റെ സാംസ്കാരിക പ്രഭാവത്തെയാണ് സൂചിപ്പിക്കുന്നത്. വിവാദങ്ങളിലേക്കും വാഗ്വാദങ്ങളിലേക്കും കേസുകളിലേക്കും നീങ്ങാതെ പുതിയ കാലത്തിന്റെ കലോത്സവങ്ങൾക്കായി കാത്തിരിക്കാം.