ചെങ്ങന്നൂർ: ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കെ-റെയിൽ വിരുദ്ധ പദയാത്ര ഇന്നും നാളെയും നടക്കും. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ നേതൃത്വത്തിലാണ് പദയാത്ര. ഇന്ന് ഉച്ചയ്ക്ക് 2ന് മുളക്കുഴ സെഞ്ചുറി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പദയാത്ര സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മുളക്കുഴ കാണിക്ക മണ്ഡപം, പാറപ്പാട്, പെരിങ്ങാല, പൊട്ടക്കുളം, സി.എസ്.ഐ. ജംഗ്ഷൻ, മോടിയിൽ എന്നിവിടങ്ങളിലൂടെ കൊഴുവല്ലൂർ അറന്തക്കാട് സമാപിക്കും. സമാപന സമ്മേളനത്തിൽ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പ്രസംഗിക്കും.
നാളെ ഉച്ചയ്ക്ക് 2ന് ഇടപ്പോൺ കുരിശുംമുട് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പദയാത്ര സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജോസ്‌കോ കവല, പാറ്റൂർ എന്നിവിടങ്ങളിലൂടെ പദയാത്ര നൂറനാട് പടനിലത്ത് സമാപിക്കും. സമാപന സമ്മേളനം ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, മേഖലാ പ്രസിഡന്റ് കെ. സോമൻ എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ ബി.ജെ.പി. ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, ട്രഷറർ കെ.ജി. കർത്ത, ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ എന്നിവർ പങ്കെടുത്തു.