നെടുവരംകോട്: കേരളാ ക്ഷേത്രസംരക്ഷണ സമിതി നെടുവരംകോട് ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഉത്സവവും ഭാഗവത സപ്താഹ യജ്ഞവും 30മുതൽ ഏപ്രിൽ 8 വരെ നടക്കും. 30ന് വൈകിട്ട് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് ശ്രീഭൂതബലി, അത്താഴപൂജ എന്നിവ നടക്കും. 31ന് ഭാഗവത സപ്താഹ യജ്ഞം ആരംഭിക്കും. ജയൻ എസ്.മാവേലിക്കരയാണ് യജ്ഞാചാര്യൻ. പളളിക്കൽ ചന്ദ്രബാബു, ശൂരനാട് അജിത് കുമാർ എന്നിവർ യജ്ഞ പൗരാണികരാണ്. രാവിലെ 7ന് ആചാര്യ വരണം, ഗ്രന്ഥ നമസ്‌ക്കാരം, പാരായണാരംഭം. 12ന് പ്രഭാഷണം, ഉച്ചക്ക് 1ന് പ്രസാദമൂട്ട്, 5ന് ലളിതാസഹസ്രനാമജപം. തുടർന്നുളള ദിവസങ്ങളിൽ ക്ഷേത്രത്തിൽ പതിവ് പൂജകൾക്കു പുറമേ വിശേഷാൽ പൂജകളും നടക്കും. സപ്താഹ യജ്ഞത്തിന്റെ സമാപന ദിനമായ ഏപ്രിൽ 6ന് ഉച്ചക്ക് 2ന് സംഗ്രഹം, സമർപ്പണം, വൈകിട്ട് 4ന് അവഭൃതസ്‌നാന ഘോഷയാത്ര എന്നിവ നടക്കും. ഒൻപതാം ഉത്സവദിനമായ 7ന് രാവിലെ 9ന് നവകം, 10.30ന് ഉത്സവബലി, വൈകിട്ട് 7.30ന് സേവ, രാത്രി 10.30ന് പളളിവേട്ട എഴുന്നെളളത്ത് എന്നിവ നടക്കും. ഉത്സവത്തിന് സമാപനംക്കുറിച്ച് ഏപ്രിൽ 8ന് രാവിലെ 9ന് ആറാട്ടുബലി, വൈകിട്ട് 5ന് ആറാട്ട് എഴുന്നെളളിപ്പ്, രാത്രി 8ന് കൊടിയിറക്ക് എന്നിവ നടക്കും.