പത്തനംതിട്ട : ചില ഡോക്ടർമാർ തുടരുന്ന രീതികൾ അവസാനിപ്പിച്ചില്ലെങ്കിൽ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാജോർജ്. റാന്നി താലൂക്ക് ആശുപത്രിയിലെ ഓക്‌സിജൻ ജനറേഷൻ പ്ലാന്റിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു ഡോക്ടർമാരെ മന്ത്രി താക്കീത് ചെയ്തത്.ആശുപത്രികളിൽ ചില പ്രവണതകൾ ഇപ്പോഴും ഉള്ളതായി കാണുന്നു. ഓപ്പറേഷൻ ഡേറ്റ് നിശ്ചയിക്കണമെങ്കിൽ, ഓപ്പറേഷൻ തീയറ്ററിൽ കയറ്റണമെങ്കിൽ ഡോക്ടറെ വീട്ടിൽ പോയി കാണണം. ഇത് അനുവദിക്കില്ല. ആരോഗ്യ മേഖലയിൽ 98 ശതമാനം ആളുകളും കഠിനാദ്ധ്വാനം ചെയ്യുമ്പോൾ ചുരുക്കം ചില ആളുകൾ തെറ്റായ രീതിയിൽ പെരുമാറുന്നത് തിരുത്തപ്പെടേണ്ടതാണ്. ബഹുഭൂരിപക്ഷവും 24 മണിക്കൂറും, ഏത് നിമിഷം വിളിച്ചാലും ഓടിയെത്തുന്നവരാണ്. പക്ഷെ ചുരുക്കം ചിലർ പൊതുവായ ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങൾക്ക് അപമാനകരമാകുന്ന രീതിയിൽ പ്രവർത്തിക്കുന്നു.
സംസ്ഥാന സർക്കാർ ഏറ്റവുമധികം പണം ചെലവഴിക്കുന്ന മേഖലയാണ് ആരോഗ്യ മേഖല. കോടിക്കണക്കിന് രൂപയാണ് ആരോഗ്യ മേഖലയുടെ പുരോഗതിക്കായി ചെലവഴിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. താലൂക്ക് ആശുപത്രികൾ മുതൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രികളാക്കി മാറ്റാനാണ് സർക്കാർ ശ്രമിച്ചുവരുന്ന
തെന്ന് മന്ത്രി പറഞ്ഞു.