
പത്തനംതിട്ട : സംസ്ഥാന മന്ത്രിസഭയുടെ ഒന്നാംവാർഷികാഘോഷത്തിന്റെ ഭാഗമായി മേയ് രണ്ട് മുതൽ എട്ടു വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എന്റെ കേരളം എന്ന പേരിൽ പ്രദർശന വിപണനമേള സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വാർഷികത്തിന്റെ ജില്ലാതലസംഘാടകസമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഏപ്രിൽ 25ന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ മുതൽ നഗരസഭ ബസ് സ്റ്റാൻഡ് വരെ വിളംബര ജാഥ സംഘടിപ്പിക്കും. സർക്കാർ ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള സേവനങ്ങളും പദ്ധതികളും കൂടുതൽ അനുഭവവേദ്യമാക്കുന്നതിനും തൽസമയ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് മേള സംഘടിപ്പിക്കുന്നത്.
നൂറു വിപണന സ്റ്റാളുകളും 50 പ്രദർശനസേവന സ്റ്റാളുകളുമാണ് മേളയിൽ ഉണ്ടാകുക. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും, സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേള, കാർഷിക പ്രദർശനം, ടെക്‌നോ ഡെമോ തുടങ്ങിയവും ഉണ്ടാകും. മന്ത്രി വീണാജോർജ് മുഖ്യരക്ഷാധികാരിയും പ്രസിഡന്റുമായി വാർഷികാഘോഷ സംഘാടകസമിതി രൂപീകരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ.കെ.യു. ജനീഷ് കുമാർ, അഡ്വ.പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ എന്നിവർ രക്ഷാധികാരികളും ജില്ലാകളക്ടർ ഡോ.ദിവ്യ എസ് അയ്യർ ചെയർപേഴ്‌സണും ആയിരിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ.പ്രമോദ് കുമാർ വൈസ് ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.മണിലാൽ കൺവീനറുമാണ്.