 
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപന്നി ആക്രമണം മൂലം ജനം പൊറുതിമുട്ടി. മനുഷ്യരെ ആക്രമിക്കുന്നതു കൂടാതെ വൻതോതിലാണ് കാർഷിക വിളകൾ കൂട്ടമായി എത്തി പന്നികൾ നശിപ്പിക്കുന്നത്. പഞ്ചായത്തിലെ ആറാം വാർഡിൽ കുടയ്ക്കാമരം ഭാഗത്ത് കഴിഞ്ഞ ദിവസം പന്നിയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. ഇവിടെ കർഷക കൂട്ടായ്മയായ ദയാ സംഘകൃഷി സംഘത്തിന്റെ വാഴയും കപ്പകൃഷിയുമാണ് നശിപ്പിച്ചത്. ഇവിടെ ഒരു മാസം മുൻപും ഇത്തരത്തിൽ വാഴയും ചീനിയും ചേനയും തെങ്ങിൻ തൈകളും ഉൾപ്പടെയുളള കാർഷിക വൻ തോതിൽ നശിപ്പിച്ചിരുന്നു. പന്നികൂട്ടങ്ങളിറങ്ങാതിരിക്കാൻ കമ്പിയും തകരഷീറ്റുകളും ഉപയോഗിച്ച് വേലി നിർമ്മിച്ചിരുന്നെങ്കിലും ഇവയെല്ലാം തകർത്താണ് കൃഷിഭൂയിലേക്ക് ഇവ കടക്കുന്നത്. ഇവയുടെ ആക്രമണത്തിൽ കാർഷിക മേഖലയ്ക്കുമാത്രം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മുളക്കുഴയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ കഴിഞ്ഞ 14ന് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
കൃഷി ഉപേക്ഷിച്ച് കർഷകർ
മുളക്കുഴ പഞ്ചായത്തിലെ 11ാം വാർഡിൽ കൊഴുവല്ലൂർ വട്ടമോടിയിൽ ഓമന (57) നെയാണ് കാട്ടുപന്നി ആക്രമിച്ചത്. വീട്ടുപടിക്കൽ നിൽക്കുകയായിരുന്ന ഓമനയെ സമീപത്തെ റബർ തോട്ടത്തിൽ നിന്നും ഓടിയെത്തിയ പന്നി ആക്രമിക്കുകയായിരുന്നു. ഇവരുടെ കാലിന് ഗുരുതര പരിക്കേറ്റു. ജില്ലയുടെ പടിഞ്ഞാറൻ അതിർത്തി ഗ്രാമമായ മുളക്കുഴ പഞ്ചായത്തിൽ കഴിഞ്ഞ ഏതാനും മാസമായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. പഞ്ചായത്തിലെ ആറാം വാർഡിൽ ബൈക്ക് യാത്രക്കാരായ അച്ഛനേയും മകനേയും കാട്ടുപന്നി ആക്രമിച്ചത് ഒരുമാസം മുൻപാണ്. കോട്ട കുടയ്ക്കാമരം കൊച്ചുതറയിൽ ഷിബു (41), മകൻ സൗരവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. ലോഡിംഗ് തൊഴിലാളിയായ ഷിബുവിന്റെ തോളെല്ല് ഇളകുകയും വാരിയെല്ല് പൊട്ടുകയും ചെയ്തിരുന്നു. സൗരവിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. പന്നിശല്യം രൂക്ഷമായതോടെ പഞ്ചായത്തിലെ ഒട്ടുമിക്ക കർഷകരും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. ടാപ്പിംഗ് തൊഴിലാളികളും പുലർകാലങ്ങളിൽ ജോലിക്കിറങ്ങുന്നത് ഭീതിയോടെയാണ്.
.........................
ജനങ്ങളുടെ ജീവനും കാർഷിക വിളകൾക്കും ഭീഷണിയായി മാറിയ പന്നികളെ കൂടുവെച്ച് പിടികൂടുന്നതിനോ വെടിവെച്ച് കൊല്ലുന്നതിനോ നിയമം ഉണ്ട്. എന്നാൽ ഇത് ചെയ്യേണ്ടത് ബന്ധപ്പെട്ട വനം വകുപ്പാണ്. പന്നിശല്യം ഉണ്ടായാൽ അറിയിക്കുന്നതനുസരിച്ച് ഇവർ സ്ഥലത്തെത്തി മേഖലകളിൽ സന്ദർശനം നടത്തി മടങ്ങുകയാണ് പതിവ്. പന്നിയെ പിടികൂടാൻ ആവശ്യമായ ഒരു നടപടിയും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. തുടർച്ചയായ നിരീക്ഷണം നടത്തി പന്നികളെ പിടികൂടാൻ ആവശ്യമായ നിർദ്ദേശം പഞ്ചായത്ത് ഭരണസമിതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്നില്ല. ഇതാണ് പന്നിശല്യം തുടർക്കഥയാകാൻ കാരണം
ബിന്ദു എം.പി
(വാർഡ് അഗം)