അടൂർ : തുവയൂർ വടക്ക് നെടുംകുന്ന് മലനട ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിനും മലക്കുട മഹോത്സവത്തിനും വിളംബര ഘോഷയാത്രയോടെ ഇന്ന് തുടക്കം. വൈകിട്ട് 4 ന് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് യജ്ഞശാലയിൽ പ്രതിഷ്ഠിക്കേണ്ട ശ്രീകൃഷ്ണന്റെയും രുഗ്മിണി ദേവിയുടെയും വിഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. തുടർന്ന് വയലിൽകട, കുറ്റിയിൽപടി. കൂനംപാലവിള, ജംഗ്ഷൻ വഴി മലനടയുടെ തെക്കുഭാഗത്തുള്ള വഞ്ചിപ്പടിയിൽ എത്തിച്ചേരും. അവിടെ നിന്ന് താപ്പൊലി, മുത്തുക്കുട, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ യജ്ഞാചര്യൻ പള്ളിപ്പാട് ശിവദാസൻ സ്വാമിയെ ക്ഷേത്രത്തിലേക്ക് ആനയിക്കും. വൈകിട്ട് 5 ന് സാംസ്കാരിക സമ്മേളനം ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് പി. കെ. ബാബുചന്ദ്രൻ അദ്ധ്യക്ഷതവഹിക്കും. ഭാഗവത സപ്താഹയജ്ഞത്തിന് ചലച്ചിത്ര സംവിധായകൻ വിജി തമ്പി ഭദ്രദീപം തെളിക്കും. ഡോ. എം. എം ബഷീർ മുഖ്യപ്രഭാഷണം നടത്തും. ഏറത്ത് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാഉദയൻ, തുവയൂർ ബാലൻ, ക്ഷേത്രജന്മി വിജയൻ ശ്രീമംഗലത്ത്, കെ. ജി. പിള്ള. അശോക് കുമാർ എന്നിവർ പ്രസംഗിക്കും.30 ന് രാവിലെ ഭദ്രദീപ പ്രതിഷ്ഠ നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 7 ന് ഭാഗവതപാരായണം, 12 ന് പ്രഭാഷണം, 12.30 ന് അന്നദാനം, രാത്രി 7 ന് പ്രഭാഷണം,ഏപ്രിൽ 1 ന് രാവിലെ 11 ന് ഉണ്ണിയൂട്ട്, ഉച്ചയ്ക്ക് 12.30 ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 4 ന് കൊടിമര ഘോഷയാത്ര, രാത്രി 7.30 ന് തന്ത്രി വെട്ടിക്കവല കോക്കളത്ത് മഠം മാധവര് ശംഭു പോറ്റി കൊടിയേറ്റ് നിർവഹിക്കും. ഏപ്രിൽ 3 ന് രാവിലെ 11 ന് രുഗ്മണീസ്വയംവരം, 4 ന് രാവിലെ മൃത്യുഞ്ജഹോമം, 5 ന് രാവിലെ 10.30 ന് ശുകപൂജ, 6 ന് രാവിലെ നാരായണീ പാരായണം, 7 ന് രാവിലെ 7. മുതൽ പ്രധാന ക്ഷേത്രത്തിലും ഉപദേവതമാർക്കും കലശപൂജ, കലശാഭിഷേകം, സർപ്പദൈവങ്ങൾക്ക് നൂറും പാലും. വൈകിട്ട് 7 മുതൽ പുളിമാത്ത് ശ്രീകുമാറിന്റെ കഥാപ്രസംഗം, 11 ന് മലനടയിൽ ആചാരമായ കർമ്മങ്ങൾ, മലക്കുട മഹോത്സവമായ 8 ന് വൈകിട്ട് 3 മുതൽ കെട്ടുകാഴ്ച, 7 മുതൽ മലയൂട്ട് കർമ്മങ്ങൾ, 7.30 ന് കൊടിയിറക്ക്, രാത്രി 10 ന് ചങ്ങനാശേരി ജയകേരള നൃത്തവേദിയുടെ ഡാൻസ്.