
മണക്കാല : കേരളം ഒത്തുകൂടി മനുഷ്യാദ്ധ്വാനത്തിന്റെ പുതുചരിത്രം രചിച്ച ജനശക്തി നഗറിൽ നാളെ
ജനകീയ കൺവൻഷൻ നടക്കും. ആയിര കണക്കിന് ജനങ്ങൾക്ക് പ്രയോജനമാകേണ്ട കല്ലട ജലസേചന പദ്ധതി ഫണ്ടില്ലാതെ മുടങ്ങി കിടന്ന അവസ്ഥയിൽ ശ്രമദാനത്തിലൂടെ കനാൽ നിർമ്മിക്കാൻ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും ആയിരകണക്കിനാളുകൾ ഒത്തു കൂടി കനാൽ നിർമ്മിച്ച സ്ഥലമാണ് മണക്കാലയിലെ ജനശക്‌തി നഗർ. ഇവിടെ വീണ്ടും ആളുകൾ ഒത്തുകൂടുന്നത് അവഗണനയിൽ ഒഴുക്ക് നിലച്ച കല്ലട പദ്ധതിയെ വീണ്ടെടുക്കാനാണ്. 1976 ഡിസംബർ 27. മണക്കാല നിവാസികൾക്ക് മറക്കാൻ കഴിയില്ല ഈ ദിവസം. അന്നായിരുന്നു മണക്കാല പോളിടെക്നിക് കോളജിന് തെക്കുവശത്തുള്ള ജംഗ്ഷനിൽ ജനങ്ങൾ ഒത്തുകൂടി പ്രതിഫലം വാങ്ങാതെ കല്ലട ജലസേചന പദ്ധതിയുടെ കനാൽ വെട്ടിയത്. ഇവിടം മുതൽ നെല്ലിമുകൾ വരെ ശ്രമദാനത്തിലൂടെ ജനങ്ങൾ കനാൽ കുഴിച്ചു. മണ്ണുമാന്തിയന്ത്രങ്ങളില്ലാത്ത കാലത്ത് ആയുധങ്ങൾ കൊണ്ടാണ് അവർ കൂറ്റൻ കനാൽ പണിതത്. 1966 ൽ തുടങ്ങിയ കല്ലട പദ്ധതി, നാലാം പഞ്ചവത്സര പദ്ധതിയിൽ അവഗണിക്കപ്പെട്ടു. ഫണ്ട് കിട്ടിയില്ല. തുടർന്നായിരുന്നു ശ്രമദാനം.
കല്ലട പദ്ധതി ഇന്ന് സംരക്ഷണമില്ലാതെ നശിക്കുകയാണ്. ബഡ്ജറ്റിൽ പണം അനുവദിക്കുന്നില്ല. അറ്റകുറ്റ പണിയില്ല. കനാൽ സ്ഥങ്ങൾ കൈയേറുന്നു. സംരക്ഷണമാവശ്യപെട്ടാണ് ജനകീയ കൺവെൻഷൻ. കൊല്ലം, പത്തനംതിട്ട , ആലപ്പുഴ ജില്ലകൾ ചേർന്ന് രൂപീകരിച്ച സംരക്ഷണ സമിതിയാണ് സംഘാടനം. ജനറൽ കൺവീനർ എ.പി ജയൻ അദ്ധ്യക്ഷത വഹിക്കും. ചെയർമാൻ മുൻ എം.എൽ.എ പി.എസ്.സുപാൽ ഉദ്ഘാടനം ചെയ്യും.
ജനശക്തിയജ്ഞം
ഒരു വികസന പദ്ധതിക്ക് ജനങ്ങൾ ഒന്നിച്ച് പ്രതിഫലമില്ലാതെ പണിയെടുക്കുന്ന ഇന്ത്യയിലെ ആദ്യ സംരഭമായിരുന്നു ജനശക്തിയജ്ഞം. രാവിലെ 6.30ന് ശ്രമദാനം തുടങ്ങും. 11.30ന് നിറുത്തും.രണ്ടു മണി വരെ വിശ്രമമാണ്. വീണ്ടും രണ്ടു മണിക്ക് തുടങ്ങുന്ന അദ്ധ്വാനം വൈകിട്ട് 6.30 വരെ നീളും. ഒരു ദിവസം കുറഞ്ഞത് രണ്ടായിരം പേർ എന്ന കണക്കിൽ യജ്ഞം രണ്ടു മാസം നീണ്ടു.1.70 ലക്ഷം മനുഷ്യാദ്ധ്വാന ദിനങ്ങൾ ശ്രമദാനത്തിലൂടെയുണ്ടായി. 3.5 കിലോമീറ്റർ നീളത്തിൽ 15000 ഘനമീറ്റർ മണ്ണ് നീക്കം ചെയ്തു. ഓരോ സംഘം മടങ്ങുമ്പോഴും പുതിയ ടീം വരും.
ആഭ്യന്തര മന്ത്രി കെ.കരുണാകരൻ ഉദ്ഘാടനം ചെയ്ത ജനശക്തി യജ്ഞത്തിൽ ഒട്ടേറെ കേന്ദ്ര സംസ്ഥാന നേതാക്കൾ പങ്കാളികളായിരുന്നു.ഗവർണ്ണർ വാഞ്ചു, കേന്ദ്ര ആഭ്യന്തര മന്ത്രി ബ്രഹ്മാനന്ദ റെഡ്ഡി, കേന്ദ്രമന്ത്രി വി.എ.സെയ്തുമുഹമ്മദ്, സി.എം.സ്റ്റീഫൻ എന്നിങ്ങനെ ഏറെ പേരുകൾ.
ജനശക്തി നഗർ പേരിനപ്പുറം ഓർമ്മിക്കപ്പെടാനുള്ള മറ്റൊന്നും ഇവിടെയില്ല. ജനശക്തിയജ്ഞ സ്മാരകം നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും ഒന്നും നടന്നില്ല.