പത്തനംതിട്ട: ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും മുൻകൈയെടുക്കണമെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഹരിഹരൻ നായർ ആവശ്യപ്പെട്ടു. കേരളീയ വികലാംഗ ഐക്യ അസോസിയേഷൻ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയിലെ വ്യവസ്ഥകളനുസരിച്ച് കേന്ദ്രസംസ്ഥാന സർക്കാരുകൾ പാസാക്കിയിട്ടുള്ള നിയമങ്ങൾ പ്രകാരം വിവിധ പദ്ധതികൾ ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ ഭിന്ന ശേഷിക്കാരുടെ കൈകളിൽ എത്തിക്കാൻ ഇനിയും വൈകരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മുൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൻ, ഓൾ കേരള പേരൻസ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ആൻഡ് ഇംപർഡ് സംസ്ഥാന സെക്രട്ടറി എം.മൊയ്തീൻ, കേരളീയ വികലാംഗ ഐക്യ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.