പത്തനംതിട്ട: നവീകരിച്ച ശ്രീചിത്തിര തിരുനാൾ സ്മാരക ടൗൺഹാളിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് 2.30 മുതൽ മോഹിനിയാട്ടം, കുച്ചിപ്പുടി, നാട്ടു സംഗീതം എന്നിവ അരങ്ങേറും. വൈകിട്ട് 5.30ന് അജിത് വേണുഗോപാലിന്റെ ഗസൽ സംഗീതരാവ് നടക്കും. കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകിയ ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ നഗരസഭാ ചെയർമാൻ ആദരിക്കും. കലാമണ്ഡലം ഭാഗ്യലക്ഷ്മിയാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. അമൃത കൃഷ്ണൻ കുച്ചിപ്പുടിയും അഡ്വ.സുരേഷ് സോമയുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ ബഹുഭാഷാ നാട്ടുസംഗീതവും നടക്കും. ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച് നിർമ്മിച്ചതാണ് ടൗൺ ഹാൾ. കാലപ്പഴക്കത്താലും പ്രകൃതിക്ഷോഭത്തിലും പൂർണമായും തകർന്ന ടൗൺ ഹാൾ പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിൽ വന്നതിനെ തുടർന്നാണ് പുതുക്കിപ്പണിതത്. 75 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. ജില്ലാ കേന്ദ്രത്തിലെ ഏക പൈതൃക ചരിത്ര സ്മാരകം എന്ന നിലയിൽ തനിമ നഷ്ടപ്പെടാതെ ആധുനിക സംവിധാനങ്ങൾ ഒരുക്കിയാണ് ടൗൺ ഹാൾ നിർമ്മിച്ചത്. എട്ടുമാസം കൊണ്ടാണ് നവീകരണം പൂർത്തിയാക്കിയത്. എയർ കണ്ടീഷൻ ചെയ്ത ഹാളിൽ പുഷ്ബാക്ക് സീറ്റുകളും ആധുനിക സൗണ്ട് സിസ്റ്റവും 4കെ റസല്യൂഷൻ പ്രൊജക്ടറും സ്ഥാപിച്ചിട്ടുണ്ട്. ശബ്ദ ക്രമീകരണങ്ങൾക്കായി നൂതനമായ അക്കൗസ്റ്റിക് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കേരളീയ പാരമ്പര്യ ശൈലിയിൽ നിർമ്മിക്കപ്പെട്ട ടൗൺ ഹാളിലെ തടിക്ക് ബലക്ഷയം സംഭവിച്ചിരുന്നു. വരാന്തയിലെ മരത്തൂണുകൾക്ക് പകരം മാർത്താണ്ഡത്തു നിന്ന് കൽത്തൂണുകൾ എത്തിച്ചു. മേൽക്കൂരയിലെ തടികൾക്ക് പകരം ഗാൽവനൈസ്ഡ് അയൺ സ്ഥാപിച്ചു. പുറംഭിത്തിയും ജനലുകളും തുടങ്ങി നിലനിറുത്താവുന്ന ഭാഗങ്ങൾ സംരക്ഷിച്ചാണ് നവീകരണം പൂർത്തീകരിച്ചത്.
- നിർമ്മാണച്ചെലവ് 75 ലക്ഷം