പത്തനംതിട്ട : സർക്കാർ ജീവനക്കാരും അദ്ധ്യാപകരുമെല്ലാം ഇന്നലെ ജോലിക്ക് ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും രണ്ടാംദിനവും പണിമുടക്ക് പൂർണമായിരുന്നു. സർക്കാർ ഒാഫീസുകളിലെ ഹാജർ നിലയിൽ നേരിയ വർദ്ധനവ് മാത്രമാണുണ്ടായത്. കളക്ടറേറ്റ്, താലൂക്ക് ഒാഫീസുകൾ, വില്ലേജ്, പഞ്ചായത്ത് ഒാഫീസുകൾ എന്നിവിടങ്ങളിൽ ജോലിക്കെത്തിയവരെ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. കളക്ടറേറ്റിലെ റവന്യു വിഭാഗങ്ങളിൽ ആകെയുള്ള 114 ജീവനക്കാരിൽ ആദ്യ ദിനം ജോലിക്കെത്തിയ ഒൻപത് പേർ മാത്രമാണ് ഇന്നലെയും ഹാജരായത്. പ്ളാനിംഗ്, എ.ഡി.സി, ഡി.എം.ഒ, കുടുംബശ്രീ ഒാഫീസുകളിൽ ഇന്നലെ അഞ്ച് വീതം ജീവനക്കാർ ജോലിക്കെത്തി.
വില്ലേജുകൾ അടക്കം ജില്ലയിലെ റവന്യു ഒാഫീസുകളിൽ ഇന്നലെ 40 പേരാണ് ജോലിക്കെത്തിയത്. തോട്ടപ്പുഴശേരി പഞ്ചായത്തിൽ ആറും കുളനട പഞ്ചായത്തിൽ നാലും ജീവനക്കാർ ജോലിക്കെത്തിയെങ്കിലും പണിമുടക്ക് അനുകൂലികൾ തടഞ്ഞു.
ആദ്യദിനം സർവീസ് ഒന്നും നടത്താതിരുന്ന കെ.എസ്.ആർ.ടി.സി ഇന്നലെ 16 സർവീസുകൾ നടത്തി. യാത്രാ മദ്ധ്യേ പ്രകടനക്കാർ ബസുകൾ തടഞ്ഞിട്ടു. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബി.എം.എസ് യൂണിയനിൽപെട്ട 40പേർ ഇന്നലെ ജോലിക്കെത്തി.
ബാങ്കുകളിലും മറ്റുസ്ഥാപനങ്ങളിലും ജോലിക്കെത്തിയവരെ പ്രകടനവുമായി എത്തിയവർ തടഞ്ഞു. തൊഴിലാളി സംഘടനകൾ വിവിധ സ്ഥലങ്ങളിൽ പ്രകടനം നടത്തി.