strike
പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്നലെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പത്തനംതി​ട്ട നഗരത്തിൽ നടത്തിയ പ്രകടനം

അടൂർ : താെഴിലാളി സംഘടനകളുടെ സംയുക്ത പണിമുടക്ക് രണ്ടാംദിവസവും അടൂരിൽ പൂർണ്ണം. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ അടൂരിൽ തുറന്ന മൂന്ന് ബാങ്കുകളും ടെലിഫോൺ എക്സേഞ്ചും തൊഴിലാളി സംഘടനാ പ്രതിനിധികൾ അടപ്പിച്ചു. എസ്.ബി.ഐയുടെ രണ്ട് ബ്രാഞ്ചുകളും ബാങ്ക് ഒാഫ് ബറോഡയുമാണ് അടപ്പിച്ചത്. ചില വ്യാപാര സ്ഥാപനങ്ങൾ തുറന്നെങ്കിലും സമരാനുകൂലികൾ രംഗത്ത് ഇറങ്ങിയതോടെ അടച്ചു. പണിമുടക്ക് ലംഘിച്ച് നിരത്തിലിറക്കിയ നാല് കെ.എസ്.ആർ.ടി.സി ബസുകളും അടൂരിൽ തടഞ്ഞു. കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് ചെങ്ങന്നൂരിന് പുറപ്പെട്ട ബസും ചെങ്ങന്നൂരിൽ നിന്ന് ചടയമംഗലത്തിന് പുറപ്പെട്ട ബസും കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട ഫാസ്റ്റ് പാസഞ്ചർ ബസും പത്തനംതിട്ട ഡിപ്പോയിലേക്ക് പുറപ്പെട്ട ബസുമാണ് അടൂരിൽ തടഞ്ഞത്. ഇതിന് പുറമേ തമിഴ്നാട്ടിലേക്ക് പോയ നാഷണൽ പെർമിറ്റ് ലോറിയും തടഞ്ഞു. യാത്രക്കാർ ഇല്ലാതെയാണ് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയത്. പ്രതിഷേധ യോഗത്തിൽ ആർ. ഉണ്ണികൃഷ്ണപിള്ള, പി.രവീന്ദ്രൻ, അരുൺ കെ.എസ് മണ്ണടി, റോഷൻ ജേക്കബ്, ആർ.സനൽകുമാർ, രേഖ, സുനിൽ കുമാർ, ട‌ി. മധു, ബോബി മാത്തുണ്ണി, ഷാജി തോമസ്, ആർ.രാധാകൃഷ്ണൻ, കെ.സുകു, അംജിത് അടൂർ, ബി.പ്രദീപ്, മാത്യൂ വർഗീസ്, ചന്ദ്രമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.