daily

പത്തനംതിട്ട : കലോത്സവത്തിന്റെ വരവറിയിക്കാനായുള്ള ഫ്ലാഷ് മൊബ് പരിശീലനത്തിൽ വിദ്യാർത്ഥികൾ. പ്രധാന സ്റ്റേജിന്റെയടക്കം മോടി കൂട്ടാനായി സംഘാടകർ. അതിഥികൾക്കായുള്ള സൗകര്യങ്ങളൊരുക്കാൻ വോളണ്ടിയർമാർ. അങ്ങനെ അതിജീവനത്തിന്റെ വേക്ക് അപ് കോൾ മുഴക്കി കലോത്സവത്തിന്റെ ഒരുക്കങ്ങൾ തകൃതിയാണ്. പ്രധാനവേദിയായ പത്തനംതിട്ട ജില്ലാ സ്റ്രേഡിയത്തിൽ സ്റ്റേജിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. രണ്ടായിരം പേർക്ക് ഇരിക്കാവുന്ന പന്തലാണ് സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ സ്വാഗത സംഘം ഓഫീസും പ്രവർത്തിക്കുന്നു. റോയൽ ഓഡിറ്റോറിയം, കാതോലിക്കേറ്റ് കോളേജ് ഓഡിറ്റോറിയം, കോളേജ് വോളിബാൾ കോർട്ട്, മാർ ക്ലിമീസ് ഹാൾ, യൗസേബിയോസ് ഹാൾ കാതോലിക്കേറ്റ്, ഇംഗ്ലീഷ് ലാഗ്വേജ് ഹാൾ കാതോലിക്കേറ്റ് എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾക്ക് വേദിയൊരുങ്ങുന്നത്. മുന്നൂറിലധികം കോളേജുകളിൽ നിന്ന് പതിനായിരത്തിലധികം വിദ്യാർത്ഥികൾ കലോത്സവവേദിയിൽ മാറ്റുരയ്ക്കും. ട്രാൻസ്ജെൻഡർ , ആൺ, പെൺ വിഭാഗങ്ങളിൽ അറുപത്തൊന്ന് ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഒന്നിന് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ് കലോത്സവത്തിന്റെ തുടക്കം. ഉദ്ഘാടന ദിവസം രാത്രി 8 മുതൽ മത്സരങ്ങൾ ആരംഭിക്കും.