പ്രമാടം : ഒരു കുഴിയിൽ നിന്നും പടുകുഴിയിലേക്ക്, അതാണ് വള്ളിക്കോട് പഞ്ചായത്തിലെ മായാലി ജംഗ്ഷനിൽ നിന്നും താഴൂർക്കടവിലേക്കുള്ള റോഡിന്റെ ദുരവസ്ഥ. ടാറിംഗ് ഇളകി ചെറുതും വലുതുമായ നിരവധി ഗർത്തങ്ങളുള്ള റോഡിൽ മഴ പെയ്താൽ ചെറിയ കുളങ്ങൾ രൂപപ്പെടും. അതുകൊണ്ട് തന്നെ വേനൽക്കാലത്തും മഴക്കാലത്തും ഇതുവഴി യാത്ര ചെയ്യണമെങ്കിൽ സർക്കസ് പഠിക്കണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തകർന്ന് തരിപ്പണമായ റോഡിൽ അപകടങ്ങൾ സംഭവിക്കാത്തെ ദിവസങ്ങളില്ലെന്നും പ്രദേശവാസികൾ പറയുന്നു. പ്രമാടം പഞ്ചായത്തിലെ പ്രധാന പ്രദേശമായ പൂങ്കാവിൽ നിന്നും വള്ളിക്കോട് ജംഗ്ഷനിൽ എത്താതെ കൈപ്പട്ടൂരിലേക്ക് പോകാൻ കഴിയുന്ന റോഡാണിത്. ഇതുവഴി അടൂർ, പന്തളം ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് കിലോമീറ്ററുകൾ ലാഭിക്കാൻ കഴിയും. പത്തനംതിട്ട, കോന്നി ഭാഗങ്ങളിൽ നിന്നും പൂങ്കാവിൽ എത്തി താഴൂർക്കടവ് വഴി ഈ ഭാഗങ്ങളിലേക്ക് പോകുന്നവരും നിരവധിയാണ്. വള്ളിക്കോട് പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയുടെ താഴൂർക്കടവ് പമ്പ് ഹൗസിൽ എത്തണമെങ്കിലും ഈ റോഡിനെ ആശ്രയിക്കണം.
പ്രക്ഷോഭത്തിന് ഒരുങ്ങി നാട്ടുകാർ
രണ്ട് കിലോമീറ്റർ ദൂരമുള്ള വീതി കുറഞ്ഞ ഈ റോഡിലൂടെ കാൽനട യാത്ര പോലും ഇപ്പോൾ ദുസഹമായിരിക്കുകയാണ്. തകർന്ന് തരിപ്പണമായ റോഡ് ടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. യാത്രാ തടസം സൃഷ്ടിക്കുന്നതിനൊപ്പം അപകടക്കെണികൂടിയായി മാറിയ റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.