അടൂർ : പന്നിവിഴയിൽ പുലിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽ കാട്ടുപന്നിയുടെ ആക്രമണം. സ്കൂട്ടർ യാത്രക്കാരൻ പന്നിവിഴ കൈതക്കരയിൽ കല്ലുവിളയിൽ ഹരിദാസിനെ ആണ് പന്നി ആക്രമിച്ചത്. സ്കൂട്ടറിൽ നിന്ന് വീണ ഹരിദാസ് നിസാരപരിക്കുകളോടെ രക്ഷപെട്ടു. തുടയ്ക്കും കാലിനും മുറിവേറ്റതിനാൽ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സനൽകി. പന്നിവിഴ മുളപ്പാമഠം കിഴക്കുഭാഗത്തായി തിങ്കളാഴ്ച ഉച്ചയോടെയാണ് പുലിയെപ്പോലെയുള്ള ജീവിയെ കണ്ടത്. പേരൂർ ഫോറസ്റ്റ് സ്റ്റേഷൻ കുമ്മണ്ണൂർ കോന്നി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.സുന്ദരൻ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജോൺ പി. തോമസ്, ബീറ്റ് ഓഫീസർമാരായ ജി.ശ്രീജിത്ത്, എ.എസ്.ആതിര, ഫോറസ്റ്റ് വാച്ചർ സുഭാഷ്, വാർഡ് കൗൺസിലർ വരിയ്ക്കോലിൽ രമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ജീവിയെ കണ്ടെത്താനായില്ല. കാൽപാടുകളിൽ നിന്ന് വള്ളിപുലിയാണെന്നാണ് വനംവകുപ്പ് അധികൃതരുടെ വിലയിരുത്തൽ.