pariksha

പത്തനംതിട്ട : പിരിമുറുക്കമില്ലാതെ പരീക്ഷകൾ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തുകൊണ്ട് കുട്ടികളുമായി നടത്തുന്ന ചർച്ചയുടെ അഞ്ചാംപതിപ്പ് ഏപ്രിൽ ഒന്നിന് നടക്കും.

പരീക്ഷ പേ ചർച്ച വീക്ഷിക്കാൻ കേന്ദ്രീയ വിദ്യാലയങ്ങളിൽ ക്രമീകരണം ചെയ്തതായി അടൂർ കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ ഇൻ ചാർജ് ജോസഫ് പോൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രീയ വിദ്യാലയത്തിൽ ബിഗ് സ്‌ക്രീൻ ക്രമീകരിച്ച് സംവാദം വീക്ഷിക്കാം. എല്ലാ ക്ലാസ് മുറികളിലും ടെലിവിഷൻ സംവിധാനം ഏർപ്പെടുത്തി. സർഗാത്മക രചനാമത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് പ്രധാനമന്ത്രിയുമായി സംവദിക്കുന്നത്. തത്സമയ പരിപാടിയിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന പരീക്ഷാ സമ്മർദവും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ടതുമായ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയും. വിദ്യാർത്ഥികൾക്ക് പിരിമുറുക്കമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നയിക്കുന്ന എക്‌സാം വാരിയേഴ്‌സ് എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായാണ് പരീക്ഷാ പേ ചർച്ച. ന്യൂഡൽഹിയിൽ ടൗൺ ഹാൾ ഇന്ററാക്ടീവ് ഫോർമാറ്റിൽ താൽക്കട്ടോറ സ്‌റ്റേഡിയത്തിൽ നിന്ന് രാവിലെ 11നാണ് സംവാദം ലൈവ് ചെയ്യുന്നത്.
സംസ്ഥാന ഗവർണർമാരുടെ സാന്നിദ്ധ്യത്തിൽ നടത്തുന്ന പരിപാടി വീക്ഷിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് രാജ്ഭവനുകൾ സന്ദർശിക്കാനും അവസരം നൽകിയിട്ടുണ്ട്.
ദൂരദർശൻ ചാനലുകളും റേഡിയോ ചാനലുകളും പ്രധാന വിദ്യാഭ്യാസ ചാനലുകളും രാജ്യസഭ ടി വി, സ്വയംപ്രഭ തുടങ്ങിയ യു ട്യൂബ് ചാനലുകളും പരിപാടി സംപ്രേക്ഷണം ചെയ്യും.
അടൂർ കേന്ദ്രീയ വിദ്യാലയ അദ്ധ്യാപകരായ ടി.പി.എസ്.നായർ, വി.എൻ.ജ്യോതി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.