പന്തളം:പന്തളത്ത് എം.സി റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വരുത്തുന്നതിന് എംസി റോഡിന് സമാന്തരമായി ഫ്‌ളൈഓവർ നിർമ്മിക്കണമെന്ന നിർദേശം സി.പി.എം പന്തളം ഏരിയ കമ്മിറ്റി പ്രമേയത്തിലൂടെ സർക്കാരിന് സമർപ്പിക്കും. പന്തളം കോളേജ് ജംഗ്ഷൻ മുതൽ പൊലീസ് സ്റ്റേഷൻ റോഡ് വരെയുള്ള ഭാഗത്ത് ഫ്‌ളൈഓവർ നിർമ്മിക്കുന്നതിനുള്ള ആവശ്യം ഉന്നയിച്ച് റവന്യൂ ധനകാര്യ വകുപ്പുകളിലും, ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലും അപേക്ഷ നൽകുമെന്ന് സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ.ജ്യോതികുമാർ അറിയിച്ചു. കോളേജ്, സ്‌കൂളുകൾ, പെട്രോൾ പമ്പുകൾ, ബാങ്കുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന മേഖലയാണ് എം.സി റോഡിൽ പന്തളം ജംഗ്ഷന് ഇരുപുറവും. അതിനാൽ തന്നെ ഈ മേഖലയിൽ ഗതാഗതക്കുരുക്ക് നിത്യേന രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. യാത്രാ ബസുകളുടെ സ്റ്റോപ്പുകളും ജംഗ്ഷന് സമീപത്തായതിനാൽ ഈ സമയം അത്രയും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് പതിവ് കാഴ്ചയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളൈഓവർ എന്ന ആശയം സി.പി.എം അവതരിപ്പിക്കുന്നതെന്ന് സി.പി.എം പന്തളം ഏരിയ കമ്മിറ്റി അറിയിച്ചു.