
ചെങ്ങന്നൂർ: കെ- റെയിൽ പദ്ധതി പ്രദേശമായ മുളക്കുഴയിൽ ഞായറാഴ്ച രമേശ് ചെന്നിത്തലയുടെ നിർദ്ദേശാനുസരണം കോൺഗ്രസ് പ്രവർത്തകർ പിഴുതെടുത്ത അടയാളക്കല്ല് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഇന്നലെ തിരികെ സ്ഥാപിച്ചു. കൊഴുവല്ലൂർ കിഴക്കേ മുകടിയിൽ തങ്കമ്മയുടെ (64) മൂന്ന് സെന്റിനുള്ളിലെ കൂരയ്ക്കു സമീപം അടുപ്പുകൂട്ടിയിരുന്ന സ്ഥലത്താണ് കെ- റെയിൽ അധികൃതർ കല്ലിട്ടിരുന്നത്. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ മന്ത്രി പ്രദേശവാസികളുമായി പദ്ധതിയെപ്പറ്റി സംസാരിച്ചു.
"ഇവിടെ നിന്ന് പോകാൻ ആഗ്രഹിക്കുന്നില്ല സാറേ "എന്നായിരുന്നു തങ്കമ്മയുടെ ആദ്യ പ്രതികരണം. വീട് പോകില്ലെന്ന് തങ്കമ്മയുടെ തോളിൽ തട്ടി മന്ത്രി ആശ്വസിപ്പിച്ചു. "ഞാൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ തങ്കമ്മ ഇവിടെത്തന്നെ താമസിക്കും. അല്ലെങ്കിൽ മനോഹരമായ മറ്റൊരു വീട് വച്ച് തൊട്ടപ്പുറത്ത് താമസിപ്പിക്കും"- മന്ത്രി പറഞ്ഞു. സർക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനിലും വിശ്വാസമുണ്ടല്ലോ എന്നും മന്ത്രി ചോദിച്ചു. അപ്പോഴും തങ്കമ്മ തനിക്ക് ഇവിടെത്തന്നെ കഴിയണമെന്നും കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണെന്നും പറഞ്ഞു.
 കല്ലിട്ടാൽ തുടർന്നും പിഴുതെറിയും: ഹസൻ
സുപ്രീംകോടതി വിധിയുടെ മറവിൽ വീണ്ടും കല്ലിടാൻ കെ-റെയിൽ അധികൃതർ എത്തിയാൽ ഇരകളായ വസ്തു ഉടമകൾക്കുവേണ്ടി തുടർന്നും കല്ലുകൾ പിഴുതെറിയുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. മുരുക്കുംപുഴയിൽ കെ-റെയിൽ സർവേക്കല്ല് പിഴുതതിനെ തുടർന്ന് മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേഷൻ ജാമ്യം ലഭിച്ചശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി സാമൂഹ്യാഘാതപഠനം നടത്തുന്നതിന് മാത്രമാണ് അനുവാദം നൽകിയത്. യു.ഡി.എഫ് ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകും. വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് സർക്കാരും മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണ്.
 വിമർശനങ്ങൾ ഉൾക്കൊള്ളണമെന്ന് മെത്രാൻ സമിതി
കൊച്ചി: കെ-റെയിൽ പദ്ധതിയെക്കുറിച്ചുയരുന്ന ചോദ്യങ്ങളെ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനപക്ഷത്തു നിന്ന് പരിഗണിക്കാനും ഉൾക്കൊള്ളാനും സർക്കാർ തയ്യാറാകണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെട്ടു. ഭരണകക്ഷി നേതാക്കളും അനുഭാവികളും ഉൾപ്പെടെ പദ്ധതിയിൽ പ്രതിഷേധം പ്രകടിപ്പിച്ച സാഹചര്യത്തിൽ ആശങ്കകൾക്കും എതിർപ്പുകൾക്കും രാഷ്ട്രീയമാനം നൽകി അവഗണിക്കാൻ ശ്രമിക്കുന്നത് ഖേദകരമാണ്.വികസനപദ്ധതികൾക്ക് ജനങ്ങൾ എതിരല്ല. ജനങ്ങളെ ഇരുട്ടിൽ നിറുത്തി പദ്ധതികൾ അടിച്ചേല്പിക്കുന്നതും ബലപ്രയോഗം നടത്തുന്നതും ജനാധിപത്യവിരുദ്ധമാണ്. എതിർശബ്ദങ്ങളെ രാഷ്ട്രീയമായും പൊലീസിനെ ഉപയോഗിച്ചുമല്ല നേരിടേണ്ടത്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾക്ക് സർക്കാർ പ്രഥമപരിഗണന നൽകണം.