 
ചെങ്ങന്നൂർ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിനു ശേഷമുള്ള കെ-റെയിൽ പദ്ധതി പിണറായി വിജയൻ സർക്കാരിന്റെ അടുത്ത മണ്ടത്തരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കെ-റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ മണ്ടത്തരം ജനശക്തിക്കു മുന്നിൽ പരാജയപ്പെടുത്താൻ ബി.ജെ.പി ക്കു കഴിയും. സജിചെറിയാൻ നടത്തുന്ന കരുണയ്ക്ക് പേരിൽ മാത്രമാണ് കരുണയുള്ളത് . ബാക്കിയെല്ലാം തട്ടിപ്പാണ്. കരുണ മൂടി വയ്ക്കാനുള്ള പേരാണ്. പിന്നിൽ ഷാഡോ കമ്പനിയാണ്. 'കരുണ'യ്ക്കു സ്വത്തുക്കൾ വിട്ടു നൽകുമെന്ന പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാനാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കരമന ജയൻ, പന്തളം പ്രതാപൻ, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, മേഖല പ്രസിഡന്റ് കെ.സോമൻ, അശ്വനിദേവ്, സംസ്ഥാന സെൽ കോ-ഓഡിനേറ്റർ അശോകൻ കുളനട,മേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ, ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് കാരയ്ക്കാട്, സതീഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ,ലക്ഷ്മി സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു. മുളക്കുഴയിൽ നിന്ന് ആരംഭിച്ച പദയാത്ര മുളക്കുഴ കാണിക്ക മണ്ഡപം, പാറപ്പാട്, പെരിങ്ങാല, പൊട്ടക്കുളം, സി.എസ്.ഐ ജംഗ്ഷൻ, മോടിയിൽ എന്നിവിടങ്ങളിലൂടെ കൊഴുവല്ലൂർ അറന്തക്കാട് സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു.