ചെങ്ങന്നൂർ: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ നടന്ന രണ്ടാം ദിന പണിമുടക്ക് ഭാഗികം. കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ‌ഡിപ്പോയിൽ നിന്ന് മൂന്ന് സൂപ്പർ ഫാസ്റ്റുകൾ ദീർഘ ദൂര സർവീസ് നടത്തി. ഇന്നലെ 29 ജീവനക്കാർ ജോലിക്കെത്തി. ആദ്യ ദിനം 21 സ്ഥിരം ജീവനക്കാരും 4 താൽക്കാലിക ജീവനക്കാരും എത്തിയിരുന്നെങ്കിലും ഒരു സർവീസ് പോലും നടത്തിയിരുന്നില്ല. കോടതിഉത്തരവ് വന്നെങ്കിലും 48 ജീവനക്കാരുളള താലൂക്ക് ഓഫീസിൽ തഹസിൽദാരും, ഒരു ജീവനക്കാരനും മാത്രം ജോലിക്കാരനും മാത്രമാണ് ജോലിക്കെത്തിയത്.
മിനി സിവിൽ സ്‌റ്റേഷനിൽ ചില ജീവനക്കാർ ജോലിക്കെത്തിയെങ്കിലും സമര രംഗത്തുള്ളവരെത്തി ഇവരെ ഇറക്കിവിട്ടു. നഗരത്തിൽ ആദ്യ ദിനത്തേക്കാൾ കൂടുതൽ കടകളും നിരത്തിൽ കൂടുതൽ വാഹനങ്ങളുമിറങ്ങി. എന്നാൽ വാഹനങ്ങൾ തടയുന്നതിനോ തുറന്ന കടകൾ അടപ്പിക്കുന്നതിനോ സമരക്കാർ ശ്രമിച്ചില്ല. ചെങ്ങന്നൂരിലെ രണ്ടാംദിന ഹർത്താലും സമാധാനപരമായി പര്യവസാനിച്ചു