അടൂർ: : പ്ലസ് ടു വിദ്യാർത്ഥിയെ പിതാവും രണ്ടാനമ്മയും ചേർന്ന് വീട്ടിൽ നിന്നിറക്കിവിട്ടെന്ന് പരാതി. ഏനാത്ത് സ്വദേശി അഖിലിനെയാണ് പതിനെട്ട് വയസ് പൂർത്തിയായെന്നു പറഞ്ഞ് ഇറക്കിവിട്ടത്. അടൂർ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അഖിൽ മൊബൈൽ ഫോൺ സർവീസ് സെന്ററിൽ ജോലി ചെയ്താണ് വിദ്യാഭ്യാസം തുടരുന്നത്. പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. വീട്ടിൽ വച്ച് അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദ്ദിച്ചിട്ടുണ്ടെന്നും ആഹാരം നൽകാറില്ലായിരുന്നെന്നും അഖിൽ പറയുന്നു. അദ്ധ്യാപകരുടെ സഹായത്തോടെയാണ് പലപ്പോഴും പഠന ചെലവുകൾ നടന്നിരുന്നത്. വീട്ടിൽ നിന്നിറക്കി വിട്ടതിന് പിന്നാലെ ഏനാത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പക്ഷേ കേസെടുത്തതല്ലാതെ തുടർ നടപടികൾ ഉണ്ടായില്ല. മൊബൈൽ ഫോൺ കടയിലെ ജീവനക്കാർക്കൊപ്പമാണ് അഖിൽ താമസിക്കുന്നത്. ഇടയ്ക്ക് കൊല്ലം പട്ടാഴിയിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിൽ പോകും. അഖിലിന്റെ ചെറുപ്പത്തിൽ അമ്മ ഉപേക്ഷിച്ച് പോയതാണ്.ഇവർ മറ്റൊരു വിവാഹം കഴിച്ചു. ഇതിനു ശേഷമാണ് പിതാവ് വിവാഹം കഴിച്ചത്. ആദ്യ ഭാര്യയിലുള്ള രണ്ട് കുട്ടികളേയും നോക്കാൻ രണ്ടാനമ്മ തയ്യാറല്ല. ഇതോടെ പിതാവും മക്കളെ ഒറ്റപ്പെടുത്തുകയായിരുന്നു. അമ്മയും അച്ഛനും ബന്ധം പിരിഞ്ഞതിന് പിന്നാലെ ഇരുവരുടെയും പേരിലുണ്ടായിരുന്ന സ്ഥലം വിറ്റു കിട്ടിയ പണത്തിന്റെ ഒരു വിഹിതം അഖിലിന്റെ പേരിൽ ബാങ്കിൽ സ്ഥിര നിക്ഷേപമായി ഇട്ടിരുന്നു. ഈ പണം കൊടുക്കില്ലെന്ന നിലപാടിലാണ് അച്ഛനും രണ്ടാനമ്മയുമെന്നാണ് അഖിലിന്റെ പരാതി. ഇതേപോലെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്ന അഖിലിന്റെ മൂത്ത സഹോദരനെ കൊടുമണ്ണിലുള്ള ഒരു വീട്ടുകാർ ദത്തെടുത്ത് വളർത്തുകയാണ്.