കോന്നി: പ്രളയത്തിൽ തകർന്ന മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയിലെ പാലം പുനർനിർമ്മിക്കാൻ നടപടിയായില്ല. ഹാരിസൺസ് മലയാളം പ്ലാന്റേഷനിലെ കുമ്പഴ തോട്ടത്തിലെ തോടിനു കുറുകെയുള്ള റോഡിലെ പാലം കല്ലാറിനു സമീപത്താണ്. കടവുപുഴയിലെ താമസക്കാരായ കുടുംബങ്ങളും, പ്ലാന്റേഷനിലെ തൊഴിലാളികളും, വെള്ളച്ചാട്ടം കാണാൻപോകുന്ന സഞ്ചാരികളും ഇതുവഴിയാണ് കടന്നു പോകുന്നത്. മലയാലപ്പുഴ പഞ്ചായത്തിയിലെ അഞ്ചാം വാർഡിലെ റോഡിലെ പാലം തകർന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം നിലച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച പാലത്തിനു മുകളിലൂടെ മലയാലപ്പുഴ പഞ്ചായത്ത് ഇന്റർ ലോക്ക് പാകിയിരുന്നു. പാലം തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മിക്കാൻ വൈകുന്നത് മൂലം നാട്ടുകാരും തോട്ടം തൊഴിലാളികളും ബുദ്ധിമുട്ടുകയാണ്.