local
കലോത്സവത്തിന്റെ കലാജാഥ പര്യടനം സ്വാഗത സംഘം ജനറൽ കൺവീനർ ശരത് ശശിധരൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്യുന്നു

പത്തനംതിട്ട : അലങ്കാരങ്ങളും ആരവങ്ങളുമായി നഗരം ചമയമിട്ടു.ഒപ്പം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജും. നാളെ തുടങ്ങുകയാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവം. പടയണി, കഥകളി, കുമ്മാട്ടി തുടങ്ങി വ്യത്യസ്തമായ നിരവധി കലാരൂപങ്ങൾ അണിനിരത്തി കലോത്സവത്തിന് മുന്നോടിയായുള്ള വർണാഭമായ ഘോഷയാത്രയ്ക്ക് തയ്യാറായിരിക്കുകയാണ് കോളേജ് വിദ്യാർത്ഥികൾ. ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങളും കേരളത്തിന്റെ പൈതൃകം പേറുന്ന പ്ലോട്ടുകളും അവതരിപ്പിക്കും. കാതോലിക്കേറ്റ് കോളേജിലെ ഓരോ ഡിപ്പാർട്ട്മെന്റുകളും വ്യത്യസ്തമായ ആശയങ്ങളുള്ള കലാപ്രകടനങ്ങളാണ് അവതരിപ്പിക്കുന്നത്. ഇവയിൽ ഏറ്റവും നന്നായി അവതരിപ്പിക്കുന്ന ഡിപ്പാർട്ട്മെന്റിന് സമ്മാനവുമുണ്ട്. പ്രളയവും കൊവിഡ് അതിജീവനവും കേരളവും തുടങ്ങിയ നിരവധി വിഷയങ്ങൾ ഇവർ തിരഞ്ഞെടുത്തിട്ടുണ്ട്. ഹരിത ചട്ടം പാലിച്ചാണ് പ്ലോട്ടുകൾ തയ്യാറാക്കുന്നത്. മലബാർ തെയ്യം, പുലികളി, കൂട്ടക്കാവടി, മയൂരനൃത്തം, അർജുനനൃത്തം, പടയണി, കോലങ്ങൾ, പമ്പമേളം, പഞ്ചവാദ്യം, ബാൻഡ് സെറ്റുകൾ, റോളർസ്‌കേറ്റിംഗ്, എൻ. സി.സി കേഡറ്റുകളുടെ മാർച്ച് പാസ്റ്റ്, നിശ്ചല ദൃശ്യങ്ങൾ എന്നിവയു മുണ്ടാകും.

നാളെ വൈകിട്ട് മൂന്നിന് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ കലോത്സവത്തിന് തുടക്കം കുറിക്കും. കോളേജ് വിദ്യാർത്ഥികൾ കേരളീയ വേഷത്തിൽ ഘോഷയാത്രയിൽ അണിനിരക്കും. വൈകിട്ട് 5ന് ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരങ്ങളായ നവ്യാനായർ, ആന്റണി വർഗീസ് , അനശ്വര രാജൻ, സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്യ, ഐ.എം.വിജയൻ, ചലച്ചിത്ര സംവിധായകൻ എബ്രിഡ് ഷൈൻ, നടൻ കൈലാഷ് തുടങ്ങിയവർ ഉദ്ഘാടന,​, സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കും. നാളെ രാത്രി 8 മുതൽ മത്സരങ്ങൾ ആരംഭിക്കും.

തിരുവാതിരകളി ജില്ലാസ്റ്റേഡിയത്തിലും ഗ്രൂപ്പ് സോംഗ് റോയൽ ഓഡിറ്റോറിയത്തിലും കേരളനടനം കോളേജ് ഓഡിറ്റോറിയത്തിലുമാണ് നടക്കുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള 300 കോളേജുകളിലെ വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കും.