തിരുവല്ല: തിരുവല്ല സോഷ്യൽ സർവീസ് സൊസൈറ്റി ബോധനയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഏപ്രിൽ 1മുതൽ 3വരെ നടക്കും. ഒന്നിന് രാവിലെ 9.30ന് കാർഷിക സെമിനാറും കർഷകരെ ആദരിക്കലും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡോ.തോമസ് മാർ കൂറിലോസ് മെത്രാപോലീത്ത അദ്ധ്യക്ഷത വഹിക്കും. മാത്യു ടി.തോമസ് എം.എൽ.എ, ബോധന എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.സാമുവൽ വിളയിൽ, ജേക്കബ് പുന്നൂസ് എന്നിവർ സംസാരിക്കും. സെമിനാറിനോടനുബന്ധിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് അത്യുൽപ്പാദന ശേഷിയുള്ള ഫലവൃക്ഷ തൈകളുടെ സൗജന്യ വിതരണവും ഉണ്ടാകും. 2ന് രാവിലെ 10ന് മെഡിക്കൽക്യാമ്പും ചികിത്സാസഹായവും സൗജന്യ മരുന്ന് വിതരണവും ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ഡോ.ഏബ്രഹാം മാർ യൂലിയോസ്‌ മെത്രപൊലീത്ത അദ്ധ്യക്ഷത വഹിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായി കണ്ണട വിതരണംചെയ്യും. മൂന്നിന് വൈകിട്ട് 3ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ മുഖ്യാതിഥിയാകും. സ്വാമി നിർവിണാനന്ദ മഹാരാജ്, ജില്ലാ ജഡ്ജി കെ.ആർ.മധുകുമാർ, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ എന്നിവർ പ്രസംഗിക്കും. ലീഗൽ എയിഡ് ക്ലിനിക് ഉദ്ഘാടനം,വിദ്യഭ്യാസ സഹായവിതരണം, ഭവന നിർമ്മാണ പദ്ധതി,പി.എസ്.സി കോച്ചിംഗ് സെന്റർ ഉദ്ഘാടനം എന്നിവയും സമ്മേളനത്തിൽ നടക്കും. തിരുവല്ല അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ബോധന കഴിഞ്ഞ 50 വർഷമായി പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകളിലായി പ്രവർത്തിച്ചുവരുന്നു.