പന്തളം : സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചാൽ ബി.ജെ.പി പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ്. പന്തളം നഗരസഭയിൽ ഒന്ന്, 33 ഡി വിഷനുകൾ കടന്നുപോകുന്ന ഐരാണി കുടിയിൽ സിൽവർ ലൈൻ കല്ല് സ്ഥാപിക്കുവാൻ എത്തുമെന്ന് കരുതി പ്രതിഷേധവുമായി എത്തിയതായിരുന്നു ബി.ജെ.പി.നേതാക്കൾ. രണ്ട്, മൂന്ന് സെന്റുകൾ മാത്രമുള്ള പാവപ്പെട്ടവന്റെ കിടപ്പാടം ഇല്ലാതാക്കി പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി എന്ന് പറഞ്ഞ് ധാർഷ്ട്യത കാട്ടുകയാണ് മുഖ്യമന്ത്രി. കാവുകൾ, ആരാധനാലയങ്ങൾ. പരിസ്ഥിതി ലോല പ്രദേശങ്ങൾ, വിദ്യാലയങ്ങൾ എന്നിവ ഇടിച്ച് നിരത്തിയുള്ള വികസനം കേരള ജനതയ്ക്ക് ആവശ്യമില്ല. കേരളത്തെ വെട്ടി മുറിക്കുന്ന പദ്ധതിക്കെതിരെ ബി.ജെ.പി പ്രതിഷേധ സമരം ശക്തമാക്കുമെന്നും സൂരജ് പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ബിനു മോൻ, സെക്രട്ടറിമാരായ അയിരൂർ പ്രദീപ്,കെ.വി.പ്രഭ, യുവമോർച്ച ജില്ലാ പ്രസിഡന്റ് നിധിൻ ശിവ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് മാത്യു, ബി.ജെ.പി പന്തളം മണ്ഡലം പ്രസിഡന്റ് പി.എസ് കൃഷ്ണകുമാർ, മുനിസിപ്പൽ പ്രസിഡന്റ് കൊട്ടേത്ത് ഹരികുമാർ, വൈസ് പ്രസിഡന്റ് എം.സി.സദാശിവൻ, ഏരിയാ പ്രസിഡന്റും, നഗരസഭാ കൗൺസിലറുമായ സൂര്യാ എസ്.നായർ,നഗരസഭാ കൗൺസിലറന്മാരായ ശ്രീലേഖ, സൗമ്യ സന്തോഷ് എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.