പത്തനംതിട്ട : സ്വയംപര്യാപ്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പത്തനംതിട്ടയിൽ ശ്രീചിത്തിര തിരുനാൾ സ്മാരക ടൗൺഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ ഈ വർഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനത്തിന് തുടക്കമാകും. കാർഷികോൽപ്പന്നങ്ങളിൽ നിന്ന് വൈനും, വീര്യം കുറഞ്ഞ മദ്യവും നിർമ്മിക്കുവാൻ തീരുമാനമായിട്ടുണ്ട്. ആധുനിക കേരളത്തിന്റെ നിർമ്മാണ പ്രക്രിയയിൽ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരത്തോട് അനുബന്ധിച്ച് നിർമ്മിച്ചതാണ് ചിത്തിര തിരുനാൾ ടൗൺ ഹാൾ. കാലപ്പഴക്കത്താലും പ്രകൃതിക്ഷോഭത്തിലും പൂർണമായും തകർന്ന ടൗൺ ഹാൾ പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിൽ വന്നതിനെ തുടർന്നാണ് പുതുക്കിപ്പണിതത്. 75 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലാ കേന്ദ്രത്തിലെ ഏക പൈതൃക ചരിത്ര സ്മാരകം എന്ന നിലയിൽ തനിമ നഷ്ടപ്പെടാതെ, ആധുനിക സംവിധാനങ്ങൾ ഒരുക്കിയാണ് ടൗൺ ഹാൾ നിർമ്മിച്ചത്. എട്ടുമാസം കൊണ്ടാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തുറന്നുകൊടുക്കുന്നത്. പൂർണമായും എയർകണ്ടീഷൻ ചെയ്ത ഹാളിൽ പുഷ്ബാക്ക് സീറ്റുകളും, ആധുനിക സൗണ്ട് സിസ്റ്റവും, 4 കെ റസല്യൂഷൻ പ്രൊജക്ടറുമുണ്ട്. ഹാളിനുള്ളിൽ ശബ്ദ ക്രമീകരണങ്ങൾക്കായി നൂതനമായ അക്കൗസ്റ്റിക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വീണാ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, പത്തനംതിട്ട നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരാലി, വാർഡ് കൗൺസിലർ സിന്ധു അനിൽ, പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, നഗരസഭാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.