പത്തനംതിട്ട : കാർഷിക മേഖല, വെളളപൊക്ക നിവാരണം, ചെറുകിട ജലസേചനം, ടൂറിസം, ശുചിത്വം തുടങ്ങിയ പദ്ധതികൾക്ക് മുൻഗണന നൽകി ഓമല്ലൂർ പഞ്ചായത്തിലെ 2022-23 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സ്മിത സുരേഷ് അവതരിപ്പിച്ചു. 13 കോടി 46 ലക്ഷം രൂപ വരവും, 13 കോടി 22 ലക്ഷം രൂപ ചിലവും , 23 ലക്ഷം മിച്ചവുമാണ് ബഡ്ജറ്റ് പ്രതീക്ഷിക്കുന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വിഭാഗങ്ങൾക്കും വീട് നിർമ്മാണത്തിന് ഒന്നരകോടി രൂപയും , നെൽകൃഷിക്ക് 5 ലക്ഷം രൂപയും, കുടിവെളളത്തിന് 10 ലക്ഷം രൂപയും , മരുന്ന് വാങ്ങുന്നതിന് 12 ലക്ഷം രൂപയും നീക്കി വെച്ചു. അങ്കണവാടി പോഷകാഹാരം 11 ലക്ഷം, മൃഗസംരക്ഷണം 5 ലക്ഷം, ശുചിത്വം 32 ലക്ഷം, റോഡ് മെയിന്റനൻസ് ഒരു കോടി 60 ലക്ഷം രൂപ, നോൺ റോഡിന് 59 ലക്ഷം രൂപയും എം.ജി.എൻ.ആർ.ഇ.ജി.എസ് നായി ഒന്നേകാൽ കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കൂടാതെ, പഞ്ചായത്ത് ആസ്ഥാനം വെളളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ ഒരു ചെറുവള്ളം വാങ്ങാനും ബഡ്ജറ്റിൽ തീരുമാനമുണ്ട്. പൊതുശ്മശാനം,. വയോജന ക്ലബ്, യോഗ പരിപാലനം, സൗരോർജ്ജ പ്ലാന്റ് തുടങ്ങിയവയും ലക്ഷ്യമിടുന്ന ബഡ്ജറ്റാണിത്. പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബഡ്ജറ്റ് യോഗത്തിൽ വിവിധ പഞ്ചായത്തംഗങ്ങൾ പങ്കെടുത്തു.