പത്തനംതിട്ട: സിൽവർ ലൈൻ സർവേയുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലയിൽ നടത്താനിരുന്ന കല്ലിടൽ നടപടികൾ പ്രതിഷേധം കാരണം മാറ്റി. ജില്ലാ അതിർത്തിയായ മാടപ്പള്ളിയിലും മുളക്കുഴയിലും കഴിഞ്ഞയാഴ്ച കല്ലിടൽ നടപടികൾക്കിടെ നാട്ടുകാർ പ്രതിരോധം തീർത്തത് സംഘർഷത്തിൽ കലാശിച്ചതിനാൽ ജില്ലയിൽ നടപടികൾ സാവകാശം നീക്കാനാണ് തീരുമാനം. ആറാട്ടുപുഴയിൽ തീരുമാനിച്ചിരുന്ന കല്ലിടൽ പ്രതിഷേധം കണക്കിലെടുത്ത് കടമ്പനാട് ,പള്ളിക്കൽ പഞ്ചായത്തുകളിലേക്ക് മാറ്റുമെന്ന അഭ്യൂഹമുണ്ടായിരുന്നു. കല്ലിടൽ നടക്കുമെന്ന സൂചനയേത്തുടർന്ന് ഇന്നലെ രാവിലെ നാട്ടുകാർ ആറാട്ടുപുഴയിൽ സംഘടിച്ചു. സംഘർഷ സാദ്ധ്യത പരിഗണിച്ച് പ്രദേശത്ത് ശക്തമായ പൊലീസ് സുരക്ഷയൊരുക്കാനായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശം. സമീപ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരോട് ആറൻമു ളയിലേക്ക് എത്താനും നിർദേശമുണ്ടായിരുന്നു. ജില്ലാ ഭരണകൂടം ദിവസങ്ങൾക്ക് മുമ്പേ കല്ലിടൽ നടപടിക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. റവന്യൂ വകുപ്പ് ഉൾപ്പെ ടെ ബന്ധപ്പെട്ട വകുപ്പുകളും സജ്ജമായി. ആറാട്ടുപുഴയിൽ രാവിലെ കല്ലിടൽ ആരംഭിക്കുമെന്ന് കരുതി പ്രതിപക്ഷ സംഘടനകളും നേതാക്കളും ആറാട്ടുപുഴ ജംഗ്ഷനിൽ സംഘടിച്ചിരുന്നു. കല്ലിടൽ നീട്ടിവച്ചതോടെ കോൺഗ്രസും, ബി.ജെ.പിയും ആറാട്ടുപുഴയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.