poster
കെ-റെയിൽ ബോധവത്ക്കരണവുമായി എത്തരുതെന്നുകാട്ടി വീടുകളിൽ ഒട്ടിച്ച പോസ്റ്റർ

ചെങ്ങന്നൂർ: കെ- റെയിലിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഇതുസംബന്ധിച്ച ബോധവത്കരണവുമായി ആരും വരരുതെന്ന് കാട്ടി വീട്ടുകാർ വീടുകളുടെ മുന്നിൽ പോസ്റ്റർ പതിച്ചു. ചെങ്ങന്നൂരിലെ വിവിധ കേന്ദ്രങ്ങളിൽ സി.പി.എം ബോധവത്കരണ യജ്ഞവുമായി വീടുകൾ കയറിയിറങ്ങിയതോടെയാണ് ചിലവീടുകൾക്കുമുൻപിൽ ഇത്തരം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ- റെയിൽ കടന്നുപോകുന്ന വെണ്മണി ഒൻപതാം വാർഡിലാണ് കൂടുതലായും പോസ്റ്ററുകൾ . ഈ ഭാഗത്ത് നേരത്തെ ബോധവത്കരണം നടത്താനെത്തിയ സി.പി.എം സംഘത്തെ നാട്ടുകാർ തടഞ്ഞിരുന്നു.

നാട്ടുകാരുടെ ശക്തമായ എതിർപ്പിനെതുടർന്ന് റെയിൽ വിഷയത്തിൽ സർക്കാർ നിലപാട് തെറ്റാണെന്ന് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ് ഗോപിനാഥ് പറഞ്ഞിരുന്നു. 'ഞാൻ കെ- റെയിലിനെ അനുകൂലിക്കുന്നില്ലെന്നും നിങ്ങളുടെ ആരുടെയും സ്ഥലം പോകുന്നതിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു.
സമരസമിതിയും കോൺഗ്രസും പിഴുതെറിഞ്ഞ കെ- റെയിൽ അടയാള സർവേക്കല്ല് പിന്നീട് മന്ത്രി സജിചെറിയാന്റെ നേതൃത്വത്തിൽ തിരികെ കുഴിച്ചിട്ടിരുന്നു. അടുപ്പിൽ കുറ്റിനാട്ടിയതോടെ ഏറെ ചർച്ച ചെയ്യപ്പെട്ട തങ്കമ്മയുടെ വീട്ടിലാണ് കല്ല് തിരികെ സ്ഥാപിച്ചത്. സി.പി.എമ്മിന് ഏറെ സ്വാധീനമുളള പൂതംകുന്ന് ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ കെ- റെയിൽ വിരുദ്ധ നിലപാട് ശക്തമാണ്. പൂതംകുന്ന് ഭാഗത്ത് അടയാളക്കല്ലുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ആഴ്ച ശക്തമായ ചെറുത്തുനിൽപ്പാണ് നാട്ടുകാർ നടത്തിയത്. ഇതേതുടർന്ന് നിറുത്തിവച്ച കല്ലീടൽ പിന്നീട് പുനരാരംഭിച്ചിട്ടില്ല.