മല്ലപ്പള്ളി: അനുകൂലമായ കോടതിവിധി ഉണ്ടായിട്ടും വലിയകാവ് വനം ഏറ്റെടുക്കാതിരുന്നത് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് പൊന്തൻപുഴ സമരസമിതി ആരോപിച്ചു. 2018 ജനുവരിയിലെ കോടതിവിധിയോടെ വലിയകാവിന്റെ ഉടമസ്ഥത സർക്കാരിന് നഷ്ടപ്പെട്ടിരുന്നെങ്കിലും സ്വകാര്യ വനനിയമമനുസരിച്ച് ഭൂമി ഏറ്റെടുക്കാൻ സർക്കാരിനുള്ള അധികാരം ഉറപ്പാക്കിയിരുന്നു. ഈ വിധി അനുസരിച്ച് ഭൂമി ഏറ്റെടുക്കൽ നടത്തുന്നതിനു പകരം വീണ്ടും ഭൂമിയുടെ ഉടമസ്ഥതയ്ക്കായുള്ള കേസ് തുടരാൻ സർക്കാർ തീരുമാനിച്ചത് അന്ന് പി .സി.സി എഫ് ( എൽ ആൻഡ് ആർ )ചുമതല വഹിച്ചിരുന്ന ബെന്നിച്ചൻ തോമസിന്റെ നിർബന്ധം മൂലമാണെന്ന് സമരസമിതി കൺവീനർ രാജേഷ് ഡി.നായർ പറഞ്ഞു.
പെരുമ്പെട്ടിയിൽ വനം കൈയേറിയ കർഷകർ ഉണ്ടെന്നും അവർക്ക് പട്ടയം നൽകണമെങ്കിൽ ഭൂമി , സർക്കാർ കേസ് നടത്തി സ്വന്തമാക്കണമെന്നുമാണ് ബെന്നിച്ചൻതോമസ് പറഞ്ഞത്. സർക്കാർ തീരുമാനപ്രകാരം നടന്ന റവന്യു, വനം വകുപ്പുകൾ യോജിച്ചുള്ള സർവേയിൽ പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വനത്തിന്റെ അതിർത്തിക്ക് പുറത്താണെന്നു കണ്ടെത്തിയതോടെ ഇൗ വാദം തെറ്റാണെന്ന് തെളിഞ്ഞു. തുടർന്ന് സർവേ നിറുത്തിവയ്പ്പിക്കുകയായിരുന്നു.
അന്വേഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും സമരസമിതി പരാതി നൽകി.