പത്തനംതിട്ട : തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രതീക്ഷ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പുതുതായി ആരംഭിക്കുന്ന ഓസം കിഡ്‌സ് ട്രെയിനിംഗ് പദ്ധതിയുടെ ഉദ്ഘാടനവും ഓട്ടിസം ബാധിതരായ മക്കളെ ലക്ഷ്യപ്രാപ്തിയിൽ എത്തിക്കാൻ പിന്തുണ നൽകുന്ന അമ്മമാർക്കുള്ള അവാർഡ് ദാനവും നാളെ രാവിലെ 11ന് പുഷ്പഗിരി സെനറ്റ് ഹാളിൽ നടക്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ഡോ. ജോസഫ് പട്ടാണി, ഡോ. അരുൺ മാമ്മൻ, ഡോ. എൻ. ആർ. വിക്രംഗൗഡ, ഡോ. ജെൻസി മാത്യൂസ്, ഡോ. സിസ്റ്റർ ലിസ എന്നിവർ പങ്കെടുക്കും.
ജനിതക തകരാറുകൾ മൂലം കുട്ടികൾക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവും ബുദ്ധിപരവുമായ രോഗങ്ങൾ പരിഹരിക്കുന്നതിനായി മദ്ധ്യതിരുവിതാംകൂറിലെ ആദ്യത്തെയാണ് പുഷ്പഗിരി പ്രതീക്ഷ ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ. ഓട്ടിസം തെറാപ്പി, ഫിസിയോതെറാപ്പി, ഡെവലപ്‌മെന്റ് തെറാപ്പി, ഒക്യൂപേക്ഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്‌പെഷ്യൽ എഡ്യൂക്കേഷൻ തുടങ്ങി നിരവധി സേവനങ്ങൾ പ്രതീക്ഷയിൽ നൽകുന്നുണ്ട്. വാർത്താസമ്മേളനത്തിൽ പ്രതീക്ഷ ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ ഇൻ ചാർജ് ഡോ.മഞ്ജു ജോർജ് ഇലഞ്ഞിക്കൽ, ഡോ. ജോസ്ലിൻ ജോസഫ് എന്നിവർ പങ്കെടുത്തു.