 
കോന്നി : കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവവും പ്ലാസ്‌ഥാനത്തു മഠത്തിൽ തെക്കേ ബംഗ്ലാവുമായുള്ള ബന്ധത്തിന് ഉത്സവകാലത്തിന്റെ ഉൗഷ്മളതയുണ്ട്. വർഷങ്ങളായി ഉത്സവത്തിന് പരിപാടി അവതരിപ്പിക്കാൻ എത്തിയിരുന്ന പ്രമുഖ കലാകാരന്മാർ വിശ്രമിച്ചിരുന്നത് ബംഗ്ളാവിൽ ആയിരുന്നു. കർണാടക സംഗീതത്തിലെ കുലപതികളായ ചെമ്പൈ വൈദ്യനാഥഭാഗവതർ, ശെമ്മംകുടി ശ്രീനിവാസയ്യർ, ഡോ. ബാലമുരളീകൃഷ്ണ, മധുരൈ മണിഅയ്യർ, ടി.എൻ.ശേഷഗോപാൽ, ആലത്തൂർ ബ്രദേഴ്സ്, എം.ജി.രാധാകൃഷ്‌ണൻ, ജയവിജയന്മാർ, മഹാരാജപുരം സന്താനം, കെ.വി.നാരായണസ്വാമി, സഞ്ജയ് സുബ്രമണ്യം, ജി.എൻ.ബാലമുരളി, ഡി.കെ.ജയറാം, പി.ഉണ്ണികൃഷ്ണൻ, പി.ലീല, ടി.എം.കൃഷണ, അഭിഷേക് രഘുറാം, ഡോ. കെ.ജെ.യേശുദാസ് എം.ജയചന്ദ്രൻ എന്നിവരും കഥകളി ആചാര്യന്മാരായിരുന്ന ചെങ്ങന്നൂർ രാമൻപിള്ളആശാൻ, മാങ്കുളം വിഷ്ണുനമ്പൂതിരി, തുള്ളൽ കലാകാരൻ മലബാർ രാമൻ നായർ എന്നിങ്ങനെ ഇവിടെ വിശ്രമിച്ച കലാകാരന്മാരുടെ നിരനീളും. അറയും നിലയും നാലുകെട്ടുമുള്ള കെട്ടിടത്തോട് ചേർന്നാണ് ബംഗ്ലാവും സ്ഥിതി ചെയ്യുന്നത്. നാലുകെട്ടിലെ പരദേവത പ്രതിഷ്ഠയുള്ള തേവാരപുരയിൽ നിത്യപൂജയുമുണ്ട്. പനമ്പള്ളി ഗോവിന്ദമേനോൻ, മന്നത്ത് പത്‌മനാഭൻ, ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രപൊലീത്ത, ആർ. ബാലകൃഷ്‌ണപിള്ള, ഡോ.സക്കറിയാസ് മാർ അപ്രേം എന്നിവരും നിരവധി സാംസ്കാരിക നായകന്മാരും ഇവിടേക്ക് കടന്നുവന്നിട്ടുണ്ട്. കലഞ്ഞൂരിന്റെ സാംസ്‌കാരിക കേന്ദ്രമായി തെക്കേബംഗ്ലാവ് നിലനിറുത്താനും നാലുകെട്ടും പരിസരവും കലഞ്ഞൂർ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന പ്ലാസ്‌ഥാനത്ത് മഠത്തിൽ രാമര് രാമൻ പോറ്റിയുടെ സ്മാരകമാക്കാനും ആലോചനകൾ നടക്കുന്നുണ്ട്.