 
തിരുവല്ല: എൽ.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ തിരുവല്ല നഗരസഭ ടൗൺ ഹാളിന്റെയും രാമപുരം മാർക്കറ്റിന്റെയും നിർമ്മാണോദ്ഘാടനം നടന്നു. എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ ശിലാഫലകം അനാഛാദനം ചെയ്തു. വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജോസ് പഴയിടം, മാത്യു ചാക്കോ, സജി എം മാത്യു, ഡോ. റെജിനോൾഡ് വർഗീസ്, മാത്യൂസ് ചാലക്കുഴി, ശ്രീനിവാസ് പുറയാറ്റ്, ജാസ് പോത്തൻ, ശോഭ വിനു, സാറാമ്മ ഫ്രാൻസിസ്, ഷീല വർഗീസ്, അനു ജോർജ്, മിനി പ്രസാദ്, പൂജ ജയൻ, നഗരസഭ സെക്രട്ടറി നാരായണൻ സ്റ്റാൻലിൻ, എൻജിനീയർ ബിന്ദു വേലായുധൻ എന്നിവർ പങ്കെടുത്തു. രാമപുരം മാർക്കറ്റിന്റെ നിർമ്മാണം മാസ്റ്റർ പ്ലാൻ പ്രകാരമല്ലെന്നും മാർക്കറ്റ് ഇല്ലാതാകാൻ ഇത് കാരണമാകുമെന്നും നാലാംതവണയാണ് കല്ലിടൽ നടക്കുന്നതെന്നും ആരോപിച്ചാണ് എൽ ഡി എഫ് അംഗങ്ങൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നത്. പ്രതിഷേധ സൂചകമായി രാമപുരം മാർക്കറ്റ് നിർമ്മാണത്തിനായി 2006ൽ സ്ഥാപിച്ച ശിലാഫലകത്തിൽ എൽ ഡി എഫ് അംഗങ്ങൾ റീത്ത് വെച്ചു. പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ് മാമ്മൻ മാത്യു, ജിജി വട്ടശ്ശേരിൽ, ഷിനു ഈപ്പൻ, ഇന്ദു ചന്ദ്രൻ, ലിൻഡ തോമസ് വഞ്ചിപ്പാലം, ഷാനി താജ്, മേഘ കെ.ശാമുവൽ എന്നിവർ പങ്കെടുത്തു. രാമപുരം മാർക്കറ്റിന് 5.25 കോടിയുടെയും ടൗൺഹാളിന് 5 കോടിയുടെയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗം ഭേദഗതികളോടെ പദ്ധതി അംഗീകരിച്ചതായും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ചെയർപേഴ്സൺ ബിന്ദു ജയകുമാർ പറഞ്ഞു.