
പത്തനംതിട്ട : ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ആക്രി പെറുക്കിയും സ്വയം തൊഴിൽ ചെയ്തും പ്രവർത്തകർ പതിനൊന്ന് ബ്ലോക്ക് കമ്മിറ്റികളിൽ നിന്ന് സമാഹരിച്ചത് 1,00,20,000 രൂപ.
ബിരിയാണി, കപ്പ, പായസം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ കൂടാതെ, മുണ്ട്, മീൻ, പച്ചക്കറി എന്നിവ വിൽപ്പന നടത്തിയാണ് പണം കണ്ടെത്തിയത്. കിണറു ശുചിയാക്കൽ, വാഹനങ്ങൾ കഴുകി നൽകൽ, ചുമട് എടുക്കൽ തുടങ്ങിയ ജോലികൾ ചെയ്തും പണം സമാഹരിച്ചിട്ടുണ്ട്. സമ്മേളന ധനസമാഹരണത്തിന് ഇത്തവണ രസീത് പിരിവില്ല. സമ്മേളന ചെലവിനാവശ്യമായ മുഴുവൻ പണവും വ്യത്യസ്തമായ മാർഗങ്ങളിലൂടെ കണ്ടെത്തുകയാണ്. സംഘാടകസമിതി ചെയർമാൻ കെ.പി.ഉദയഭാനു, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം കെ.യു.ജനിഷ് കുമാർ, സംഘാടക സമിതി കൺവീനർ പി.ബി.സതീഷ് കുമാർ, ട്രഷറർ സംഗേഷ് ജി.നായർ എന്നിവർ ചേർന്ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ സമ്മേളന ഫണ്ട് ഏറ്റുവാങ്ങി. ഏപ്രിൽ അഞ്ചു മുതൽ സമ്മേളനത്തിന്റെ ഭാഗമായ അനുബന്ധ പരിപാടികൾ ആരംഭിക്കും. ബ്ലോക്ക് കേന്ദ്രങ്ങളിൽ സെമിനാറുകൾ, കലാകായിക മത്സരങ്ങൾ, പ്രഭാഷണങ്ങൾ, ചരിത്ര ചിത്രപ്രദർശനം തുടങ്ങിയവ നടക്കും. ഏപ്രിൽ 27 മുതൽ മുപ്പതു വരെയാണ് സമ്മേളനം. വിവിധ ജില്ലകളിൽ നിന്ന് 635 പേർ പ്രതിനിധിസമ്മേളനത്തിൽ പങ്കെടുക്കും.
ലക്ഷങ്ങൾ അണിനിരക്കുന്ന ബഹുജനറാലിയും പൊതുസമ്മേളനവും നടക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 25,000 യുവതീയുവാക്കളെ അംഗങ്ങളാക്കി 500 യൂണിറ്റുകൾ പുതുതായി രൂപീകരിക്കുമെന്നും 50000 യുവതീയുവാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് രക്തദാന സേന രൂപീകരിക്കുമെന്നും ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി ബി.നിസാം, ജില്ലാപ്രസിഡന്റ് എം.സി.അനീഷ് , ട്രഷറർ എം.അനീഷ് കുമാർ എന്നിവർ പറഞ്ഞു.