മാരൂർ: ഏറെനാളായി വിരോധത്തിലായിരുന്ന അയൽവാസി സൗഹൃദം നടിച്ച് വിളിച്ചുകൊണ്ടുപോയി തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച യുവാവ് അതീവ ഗുരുതരാവസ്ഥയിൽ.കേരളകൗമുദി മാരൂർ ഏജന്റ് മാരൂർ രണജിത്ത് ഭവനിൽ രണജിത്ത് (43) ആണ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാരൂർ അനീഷ് ഭവനിൽ അനീഷിനെതിരെ കേസെടുത്തു. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് രണജിത്തിന്റെ ഭാര്യ സജിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അടൂർ പൊലീസ് കേസെടുത്തത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അനിൽ രണജിത്തിനെ ഫോണിൽ വിളിച്ചതിനെ തുടർന്ന് ഒപ്പം ബൈക്കിൽ പോയ രണജിത്ത് തലയ്ക്ക് പരിക്കേറ്റ് പത്തനാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണെന്ന വിവരമാണ് വീട്ടുകാർ അറിയുന്നത്. തുടർന്ന് വീട്ടിൽ എത്തിച്ചെങ്കിലും ഛർദ്ദിയുണ്ടായി. തന്നെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചതായി രണജിത്ത് തന്നോട് പറഞ്ഞതായി ഭാര്യ പറയുന്നു. കൊല്ലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ന്യൂറോ സംബന്ധമായ തകരാർ ഉള്ളതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന രണജിത്തിന്റെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.