 
കൊട്ടാരക്കര: ചന്തയിൽ ഒരു ചക്കയ്ക്ക് 400 രൂപ വിലയെന്ന് കേട്ടാൽ ഇപ്പോഴാരും അതിശയിക്കില്ല. പണ്ടത്തേപ്പോലെയല്ല ഇപ്പോൾ ചക്കയ്ക്ക് വൻ ഡിമാൻഡാണ്. ഡിമാൻഡും വിലയും കൂടിയ ചക്ക ചന്തയിലെ താരവുമായി. ഓരോ ചുള ചക്കയ്ക്ക് പോലും പൊന്നിൻവിലയായി എന്ന് പറയേണ്ടിവരും. അതുകൊണ്ട് തന്നെ ചക്കമോഷ്ടാക്കളുടെ എണ്ണവും കൂടി. വിലകൂടിയ വിഭവം എന്ന നിലയിലല്ല പലരും ചക്ക മോഷ്ടിക്കുന്നത് മറിച്ച് ചക്ക കിട്ടാക്കനിയായി മാറിയതുകൊണ്ടാണ്.
കായ്ഫലം കുറഞ്ഞു, കയറ്റുമതി ഇല്ല
ഇത്തവണ പ്ളാവുകളിൽ കായ്ഫലം തീരെ കുറഞ്ഞതാണ് വിലകൂടാൻ കാരണമായത്. അതോടെ കാർഷിക മേഖലയിൽ ഏറ്റവും പ്രിയമുള്ള വിഭവവും ചക്കയായി. സാധാരണ സീസണുകളിൽ ലോഡുകണക്കിന് ചക്ക തമിഴ്നാട്ടിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കയറ്റിവിടാറുണ്ട്. ഇത്തവണ ആഭ്യന്തര ഉപയോഗത്തിനു പോലും തികയാതെ വന്നതോടെ കയറ്റുമതി ഇല്ലാതായി.
ഡിമാൻഡ് കുറഞ്ഞ് കപ്പ
കഴിഞ്ഞകാലങ്ങളിൽ കപ്പക്കുണ്ടായിരുന്ന ഡിമാൻഡ് ഇപ്പോഴില്ല. അതുകൊണ്ട് തന്നെ വിലയും കുറഞ്ഞു. 50 രൂപക്ക് 3 കിലോ കപ്പ ലഭിക്കും. കപ്പ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവും
പുതുതലമുറയ്ക്ക് കപ്പയോടുള്ള താത്പ്പര്യക്കുറവും തേങ്ങയുടെ വില വർദ്ധനവും കപ്പയുടെ ഉപയോഗത്തിൽ കുറവുണ്ടാക്കിയെന്ന് പറയാം.
വൻ ഡിമാൻഡിൽ മുരിങ്ങക്ക
ചക്കയെ പോലെ വിലകൂടുകയും മോഷണ ലിസ്റ്റിൽ പെടുകയും ചെയ്ത മറ്റൊരു കാർഷിക വിഭവം മുരിങ്ങക്കായ ആണ്. കിലോ 150 മുതൽ 200 രൂപ വരെയാണ്. അതിനാൽ പച്ചക്കറി കിറ്റുകളിൽ മുരിങ്ങക്കായ ഉൾപ്പെടുത്താറില്ല. ഒരു മുരിങ്ങക്കായ്ക്ക് 15 രൂപയാണ് വില.
1 കിലോ മുരിങ്ങക്കായ 150-200 രൂപ
1 മുരിങ്ങക്ക 15 രൂപ