robbery

കൊല്ലം: ആൾതാമസമില്ലാത്ത വീടിന്റെ ജന്നൽ കമ്പി മുറിച്ചു മാറ്റി കവർച്ച നടത്തിയ സംഘത്തെ ഇരവിപുരം പൊലീസ് പിടികൂടി. വടക്കേവിള വില്ലേജിൽ അയത്തിൽ നഗർ 193 താഴത്ത് വിള വയലിൽ വീട്ടിൽ പ്രസീദ് (24), തൃക്കോവിൽവട്ടം മുഖത്തല കിഴവൂർ ബ്രോണോ വിലാസത്തിൽ അജേഷ് (19), വടക്കേവിള ശാന്തിനഗർ 208 പയറ്റുവിള പടിഞ്ഞാറ്റതിൽ ശ്രീമോൻ (34, സതീശൻ) എന്നിവരാണ് പിടിയിലായത്.

അയത്തിൽ എസ്.എസ് വിഹാറിലെ താമസക്കാരായ സദാനന്ദൻനായരും കുടുംബവും മകളെ കാണാൻ കർണ്ണാടകയിലേക്ക് പോയ അവസരത്തിലായിരുന്നു മോഷണം. അയൽവാസിയായ പ്രസീദിന് ഇക്കാര്യം അറിയാമായിരുന്നു. രാത്രി വീട്ടിലെത്തിയസംഘം സി.സി ടി.വി കാമറകൾ പ്രവർത്തന രഹിതമാക്കിയ ശേഷമായിരുന്നു മോഷണം. തുടർന്ന് ജന്നൽ കമ്പി കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി കിടപ്പ് മുറിയുടെ വാതിൽ തകർത്തായിരുന്നു മോഷണം.

അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവനും, 80,​000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും മറ്റ് സാമഗ്രികളും ഇവർ മോഷ്ടിച്ചു. അടുത്ത ദിവസം വീട് വൃത്തിയാക്കാൻ വന്ന ജോലിക്കാർ ജന്നൽ തകർന്നുകിടക്കുന്നത് കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടക്കാളെ തിരിച്ചറിഞ്ഞു. തുടർന്ന് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അയത്തിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച സ്വർണ്ണത്തിൽ ഒന്നര പവനും നാലായിരം രൂപയും മൊബൈൽ ഫോണുകളും കണ്ടെടുത്തു. അയത്തിലെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക്ക് കട്ടറും, ഡ്രില്ലിംഗ് മെഷീനും, മൊബൈൽ ഫോണും മറ്റൊരിടത്ത് നിന്ന് ആറ് ബാറ്ററികളും മോഷ്ടിച്ചതായി ഇവർ പൊലീസിനോട് സമ്മതിച്ചു.

പ്രസീദ് നേരത്തെ മെഡിസിറ്റി ആശുപത്രിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും പാലത്തറ ആരോഗ്യകേന്ദ്രത്തിൽ നിന്ന് ആംപ്യൂൾ മോഷ്ടിച്ച സംഭവത്തിലും പ്രതിയാണ്.