fhc-1
കുടുംബാരോഗ്യ കേന്ദ്രം

നിർമ്മാണച്ചെലവ് 1.50 കോടി

കുന്നിക്കോട് : വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ മന്ദിരം ഉദ്ഘാടനത്തിന് തയ്യാറാകുന്നു. 7 ന് വൈകിട്ട് 3:30 ന് കെ.ബി.ഗണേശ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലായിരുന്നു പ്രഖ്യാപനം. സംഘാടക സമിതിയുടെ ചെയർപേഴ്സണായി വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീനെയും കൺവീനറായി ബ്ലോക്ക് പഞ്ചായത്തംഗം സി.സജീവനെയും സെക്രട്ടറിയായി വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.കൃപയെയും തിരഞ്ഞെടുത്തു.

നിർമ്മാണം ഒച്ചിഴയും വേഗത്തിൽ

എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നര കോടി രൂപ വിനയോഗിച്ചായിരുന്നു ആശുപത്രിയുടെ പുതിയ ബഹുനില മന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചത്. മൂന്നു വർഷം മുമ്പ് തുടങ്ങിയ നിർമ്മാണം ഒച്ചിഴയും വേഗത്തിലാണ് നടന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടനം നടത്താനായിരുന്നു പദ്ധതിയിട്ടത്. പക്ഷേ പകുതിയിലേറെ ജോലികൾ ബാക്കിനിൽക്കേ വേഗത്തിൽ ഉദ്ഘാടനം നടത്താൻ ശ്രമിക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന പ്രതിപക്ഷ ആക്ഷേപത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

പദവി ഉയർത്തൽ വാക്കിൽ മാത്രം

വിളക്കുടി പ്രാഥമികാരോഗ്യ കേന്ദ്രം 2017 ൽ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു. തുടർന്ന് 2021 ഫെബ്രുവരിയിൽ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രമായി പദവി ഉയർത്തി. പക്ഷേ പദവി ഉയർത്തിയതുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള അറിയിപ്പൊന്നും ഇവരെ ലഭിച്ചിട്ടില്ല. അതിനാൽ ഇപ്പോഴും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിയന്ത്രണം പഞ്ചായത്തിന് തന്നെയാണ്.

പദവി ഉയരുന്നതോടെ കൂടുതൽ തസ്തികകളും സൗകര്യങ്ങളും ഉണ്ടാകും. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കരയ്ക്കും പുനലൂരിനും മദ്ധ്യേയുളള ഏക സർക്കാർ ആശുപത്രിയാ

ണിത്.

ഇനിയും ജോലികൾ ബാക്കി

വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്താൻ കഷ്ടിച്ച് ഒരാഴ്ച ബാക്കി നിൽക്കേ നിരവധി ജോലികൾ ബാക്കിയുണ്ട്. ആശുപത്രിക്ക് മുമ്പിലെ മൺതിട്ട നീക്കം ചെയ്ത് പരിസരത്ത് തറയോടുകൾ പാകണം, കെട്ടിടത്തിന്റെ പെയിന്റും സിമന്റും പലയിടങ്ങളിലും പൊരിഞ്ഞിളകിയിട്ടുണ്ട്. പഴയ കെട്ടിടത്തിൽ നിന്നുള്ള ഫർണിച്ചറുകളും ഓഫീസ് ഉപകരണങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറ്റണം. ഇതിനോടോപ്പം മാസങ്ങൾക്ക് മുൻപ് ലാബിലേക്ക് പുതിയതായി എത്തിച്ച സാമഗ്രികളും ഇതുവരെ പുതിയ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടില്ല. ഫാർമസിയിലേക്കുള്ള മരുന്നുകളുടെ സ്റ്റോറും മാറ്റി സ്ഥാപിക്കണം.