കൊട്ടാരക്കര: കരീപ്ര തളവൂ‌ർക്കോണം ഏലായിൽ കതിര് നിരക്കാറായ പാടശേഖരത്തിൽ ഊരകൾ കതിരിടുന്നത് കർഷകർക്ക് ബുദ്ധിമുട്ടിക്കുന്നു. നെൽവിത്തിനൊപ്പം പാടത്തു വീഴുന്ന ഊരച്ചെടി നെല്ലിനിടുന്ന വളവും പരിചരണവും ഏറ്റ് ശക്തമായി വളരുന്നു. ഇതു നെൽച്ചെടികളുടെ വളർച്ചയേയും വിളവിനെയും തടസപ്പെടുത്തുന്നു. ഊര നെൽകൃഷി നഷ്ടത്തിലാക്കുന്നതായി കർഷകർ പറയുന്നു. തളവൂർക്കോണം പാടശേഖരസമിതി 75 ഏക്കർ നിലത്തിലാണ് കർഷക കൂട്ടായ്മയിലൂടെ കൃഷി ഇറക്കുന്നത്. ഏറെ പ്രതീക്ഷയോടെ പണയം വെച്ചും പലിശക്കെടുത്തും മറ്റും കൃഷി ഇറക്കുന്ന ക‌ർഷകർക്ക് ഊരശല്യം കാരണം മിക്കപ്പോഴും അധ്വാനഫലം പോലും കിട്ടാറില്ലെന്നാണ് പരാതി. ഊരച്ചെടികളെ നശിപ്പിക്കാൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥരോ ബന്ധപ്പെട്ടവരോ നടപടി സ്വീകരിക്കണമെന്ന് ഏലാസമിതി സെക്രട്ടറി ബി.ചന്ദ്രശേഖരൻ പിള്ള ആവശ്യപ്പെട്ടു.