കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കുന്നത്തൂർ താലൂക്ക് നിവാസികൾ ഉൾപ്പെടെ നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്ത മലപ്പുറം സ്വദേശികളെ പിടികൂടണമെന്നും പണം തിരികെ കിട്ടാൻ നടപടിവേണമെന്നും കബളിപ്പിക്കപ്പെട്ടവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച പരാതി ശാസ്താംകോട്ട സ്വദേശി ബി. അജയകുമാർ കൊട്ടാരക്കര റൂറൽ എസ്.പിക്കും ശാസ്താംകോട്ട ഡിവൈഎസ്.പിക്കും നൽകി. അബുദാബിയിൽ എത്തിഹാദ് എയർലൈൻസിൽ സ്‌റ്റോർ കീപ്പറായി ജോലി വാഗ്ദാനം ചെയ്താണ് ലക്ഷങ്ങൾ തട്ടിയത്. അജയകുമാറിൽ നിന്ന് 1.25 ലക്ഷം രൂപയും പോരുവഴി ഇടയ്ക്കാട് തെക്ക് സ്വദേശി ആർ. ഉണ്ണിക്കൃഷ്ണപിള്ളയിൽ നിന്ന് ഒരു ലക്ഷം രൂപയും മുതുപിലാക്കാട് സ്വദേശി ജെ.എസ്.ഹരിലാലിൽ നിന്ന് 85000 രൂപയും ശൂരനാട് വടക്ക് കണ്ണമം സ്വദേശി അനിരുദ്ധനിൽ നിന്ന് 1.25 ലക്ഷം രൂപയുമാണ് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയത്.
ആലപ്പുഴ, ചാവക്കാട്, ഗുരുവായൂർ, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിലെ ഇരുപതിലധികം പേരിൽ നിന്നും ഇവർ പണം തട്ടിയെടുത്തയായി പൊലീസിൽ പരാതിയുണ്ട്.
പണം കൈക്കലാക്കിയ ശേഷം വിസ ശരിയായിട്ടുണ്ടെന്നും അബുദാബി എത്തിഹാദ് എയർലൈൻസിന്റെ എറണാകുളത്തെ ഓഫീസിൽ നിന്ന് വിളിക്കുമെന്നും തട്ടിപ്പ് സംഘത്തിലെ പ്രധാനി അറിയിച്ചു. എന്നാൽ ഒരറിയിപ്പും ലഭിച്ചില്ല. തുടർന്ന് മലപ്പുറത്തെ വീട്ടിലെത്തിയ പരാതിക്കാരോട് വിസ ഉടൻ ശരിയാകുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചു. ഇടയ്ക്ക് എയർടിക്കറ്റ് ആയിട്ടുണ്ടെന്നും യാത്രക്കുവേണ്ട തയാറെടുപ്പ് നടത്താനും നിർദേശിച്ചു. എന്നാൽ ഇതുവരെ വിസ ശരിയാക്കിനൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല. ബി. അജയകുമാർ, ആർ. ഉണ്ണിക്കൃഷ്ണപിള്ള, ജെ.എസ്. ഹരിലാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.